‘യുഎഇയിലെ ജെബല്‍ അലി; അതുപോലെ കേരളത്തിനും സ്വപ്നം കാണാം, വളരാം’; വിഴിഞ്ഞത്തിനായി വമ്പൻ പ്രഖ്യാപനവുമായി അദാനി

തിരുവനന്തപുരം: ഗുജറാത്ത് മുന്ദ്ര തുറമുഖത്തിന്‍റെ മാതൃകയില്‍ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല (സെസ്) വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അദാനി പോര്‍ട്സ് സെസ് കണ്ടെയ്നര്‍ ബിസിനസ് മേധാവി ഹരികൃഷ്ണന്‍ സുന്ദരം. വിഴിഞ്ഞം കോണ്‍ക്ലേവിന്‍റെ രണ്ടാം ദിനത്തില്‍ ‘തുറമുഖത്തിനപ്പുറം: വിഴിഞ്ഞം കേരളത്തെ ആഗോള സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റുന്നു’ എന്ന സെഷനില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് ഒരു വ്യാവസായിക ആവാസവ്യവസ്ഥ സജ്ജമാക്കേണ്ടത് വളരെ അവശ്യമാണ്. ഇന്ത്യയിലെ ഒരു തുറമുഖവും പ്രവര്‍ത്തനമാരംഭിച്ച ആദ്യ വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം ടിഇയു കൈകാര്യം ചെയ്തിട്ടില്ല. ഇത് വിഴിഞ്ഞത്തിന്‍റെ അപാരമായ സാധ്യതകളാണ് തുറന്നു കാട്ടുന്നത്. ജെബല്‍ അലി തുറമുഖം യുഎഇയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജമേകിയത് പോലെ, കേരളത്തിന് സാമ്പത്തിക വ്യവസായിക വളര്‍ച്ചയ്ക്ക് വിഴിഞ്ഞം ഉത്‌പ്രേകരമാകും. വിഴിഞ്ഞത്തിന്‍റെ വളര്‍ച്ച സുഗമമാക്കുന്നതിന്, SEZ-കള്‍, ലോജിസ്റ്റിക്സ് ഹബ്ബുകള്‍, വെയര്‍ഹൗസുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അദാനി പോര്‍ട്ട്സ് ലക്ഷ്യമിടുന്നു.

റോഡ്, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍ വഴി കേരളത്തിന്‍റെ ഉള്‍പ്രദേശങ്ങളിലേക്ക്  മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റിയുടെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിനായി ഗവണ്‍മെന്‍റ് സഹകരണം ആവശ്യമാണ്. മികച്ച കണക്റ്റിവിറ്റി തടസ്സമില്ലാത്ത വ്യാപാര പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും  അത് വലിയ സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്യും‌മെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി കേരളത്തിനുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പറഞ്ഞു. ജലാധിഷ്ഠിത ഊര്‍ജ സ്രോതസ്സുകളില്‍ സംസ്ഥാനം ആശ്രയിക്കുന്നതും സൗരോര്‍ജ്ജത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതും സുസ്ഥിരതയിലേക്കുള്ള പ്രധാന ചുവടുകളായി അദ്ദേഹം എടുത്തുപറഞ്ഞു.

പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്ന് അതിവേഗം കരകയറിയ കേരളത്തിന്‍റെ സാമ്പത്തിക പ്രതിരോധത്തെ ഷറഫ് ഗ്രൂപ്പ് സിഇഒ ശ്യാം കപൂര്‍ അഭിനന്ദിച്ചു. നിക്ഷേപവും സാമ്പത്തിക വിപുലീകരണവും ആകര്‍ഷിക്കുന്നതിനായി യുഎഇ മാതൃകയില്‍ വിദേശ നിവാസികള്‍ക്കും നിക്ഷേപകരോടും കേരളം കൂടുതല്‍ തുറന്ന നയം സ്വീകരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎന്‍ ഗ്ലോബല്‍ കോംപാക്റ്റ് നെറ്റ്വര്‍ക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രത്നേഷ് ഝാ, പരിസ്ഥിതി & ഐടി സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍, ക്യാപ്റ്റന്‍ അമ്രേഷ് കുമാര്‍ ഝാ  തുടങ്ങിയവര്‍ പങ്കെടുത്തു. കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍ സെഷന്‍ നിയന്ത്രിച്ചു.

2,000 പോരാ, 5,000 കൂടെ തന്നാൽ കാര്യം നടക്കുമെന്ന് വില്ലേജ് ഓഫീസർ; കൈക്കൂലി വാങ്ങവേ കയ്യോടെ കുടുക്കി വിജിലൻസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin