ദേശീയ പത്രദിനാചരണം, പൗരാവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും ഉദ്‌ഘോഷം

ദേശീയ പത്രദിനാചരണം, പൗരാവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും ഉദ്‌ഘോഷം

രാജ്യത്തെ പൊതുജനാഭിപ്രായവും സാമൂഹിക, രാഷ്ട്രീയാന്തരീക്ഷവും രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ പത്രങ്ങളും ഇതര മാധ്യമങ്ങളും വഹിച്ച നിസ്തുലമായ പങ്കിന്റെ ഓര്‍മപ്പെടുത്തലും കൂടുതല്‍ കരുത്തോടെ അതു മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രഖ്യാപനവും പ്രതിജ്ഞയുമാണ് ദേശീയ വര്‍ത്തമാനപ്പത്ര ദിനാചരണം മുന്നോട്ടുവെക്കുന്നത്.

 

ദേശീയ പത്രദിനാചരണം, പൗരാവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും ഉദ്‌ഘോഷം

 

സ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പിന് അവശ്യം വേണ്ടതാണ് മാധ്യമസ്വാതന്ത്ര്യം: ജോണ്‍ ആഡംസ്

സ്വാതന്ത്ര്യത്തിന്റെ ജീവനാഡിയാണ് ജനാധിപത്യമെങ്കില്‍ ആ നാഡിയില്‍ ഒഴുകുന്ന ചുടുനിണമാണ് മാധ്യമസ്വാതന്ത്ര്യം. പൗരാവകാശങ്ങളുടെ ആണിക്കല്ലായും പരിഷ്‌കൃത ലോകം അതിനെ വിശേഷിപ്പിക്കുന്നു. ലോകമെങ്ങുമുള്ള രാഷ്ട്രീയ ചിന്തകരും ദാര്‍ശനികരും കാലങ്ങളായി അടിവരയിട്ട് ആവര്‍ത്തിക്കുന്നതാണ്  ഈ സത്യം. ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമെതിരായ വെല്ലുവിളികള്‍ മുമ്പെന്നത്തേക്കാളും ശക്തവും പ്രസക്തവുമായി നിലനില്‍ക്കുന്ന കാലഘട്ടത്തിലാണ് ദേശീയ വര്‍ത്തമാനപ്പത്ര ദിനം ജനുവരി 29-ന് കടന്നുവരുന്നത്. 

വായനയും കാഴ്ചയും അതിന്റെ അഭിരുചികളും സങ്കേതങ്ങളും അതിവേഗം പരിവര്‍ത്തനങ്ങള്‍ക്കു വഴിമാറുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്ന സന്ദിഗ്ധ ഘട്ടത്തെയാണ് ലോകമെങ്ങും മാധ്യമരംഗം അഭിമുഖീകരിക്കുന്നത്. നവീകരണ വഴികളുടെ നൂതന ചവിട്ടുപടിയായ നിര്‍മിത ബുദ്ധി കാഴ്ചയെയും കാഴ്ചപ്പാടുകളെയും അതിവേഗം കീഴ്‌മേല്‍ മറിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന നിലയില്‍ മാത്രമല്ല, മാന്യമായ തൊഴിലിടവും വ്യവസായവുമെന്ന നിലയിലും മാധ്യമ ലോകം കടുത്ത വെല്ലുവിളികളുടെ മുനമ്പിലാണ്. അതേസമയം, വായന മരിക്കുന്നു എന്ന പരിദേവനങ്ങള്‍ക്കിടയിലും രാജ്യത്ത് പത്രവായനയിലും അതിന്റെ വിശ്വാസ്യതയിലും ഇനിയും കനത്ത ഇടിവ് സംഭവിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2025 -ല്‍ രാജ്യത്തെ പത്രങ്ങളുടെ ആകെ വിറ്റുവരവ് 35,000 കോടി മറികടക്കുമെന്ന വിപണി വിശകലന വിദഗ്ധരുടെ പ്രവചനം പത്രലോകം അത്ര നിരാശരാവേണ്ട എന്ന പ്രതീക്ഷയാണു പങ്ക് വെക്കുന്നത്. 

ഹിക്കിയുടെ തുടക്കം

ഐറിഷുകാരനായ ജെയിംസ് അഗസ്റ്റസ് ഹിക്കി 1789 ജനുവരി 29-ന് രാജ്യത്തെ ആദ്യ വര്‍ത്തമാനപ്പത്രമായ ബംഗാള്‍ ഗസറ്റ് അച്ചടിച്ചിറക്കിയതിന്റെ ഓര്‍മയിലാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും കരുത്തും ഉദ്‌ഘോഷിച്ച് ദേശീയ വര്‍ത്തമാനപ്പത്ര ദിനം ആഘോഷിച്ചുവരുന്നത്. വാര്‍ത്തകള്‍ പത്ര ഓഫീസുകളില്‍ എത്താന്‍ പോലും മാസങ്ങള്‍ എടുത്തിരുന്ന കാലത്താണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിക്കി പത്രം അച്ചടിച്ചിറക്കാന്‍ തീരുമാനിക്കുന്നത്. രാജ്യഭരണത്തിന്റെ ചുക്കാന്‍ കൈയിലേന്തിയിരുന്ന ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിങ്‌സിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെയാണ് ഹിക്കി തന്റെ പത്രത്തില്‍ അച്ചു നിരത്തിയത്. വിദേശിയായിരുന്നെങ്കിലും കൊളോണിയല്‍ ഭരണത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ ഹിക്കി അവിരാമം പേന ചലിപ്പിച്ചു. തൂലികയുടെ ശക്തി ഭാവിയില്‍ തങ്ങളുടെ അടിവേര് ഇളക്കുമെന്നു തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഭരണകൂടം 1782 -ല്‍ ബംഗാള്‍ ഗസറ്റിനു താഴിടുകയായിരുന്നു. സ്വാധീനശക്തിയുള്ളവരും സാധാരണക്കാരും തമ്മിലെ വിടവ് നികത്തലാണു ഹിക്കി ദൗത്യമായി ഏറ്റെടുത്തത്. അതുകൊണ്ടു തന്നെയാണ് പത്രദിനാചരണം പൗരാവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും ഉദ്‌ഘോഷമായി മാറുന്നത്. 

ജനാധിപത്യത്തിന്റെ കാവലാള്‍

രാജ്യത്തെ പൊതുജനാഭിപ്രായവും സാമൂഹിക, രാഷ്ട്രീയാന്തരീക്ഷവും രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ പത്രങ്ങളും ഇതര മാധ്യമങ്ങളും വഹിച്ച നിസ്തുലമായ പങ്കിന്റെ ഓര്‍മപ്പെടുത്തലും കൂടുതല്‍ കരുത്തോടെ അതു മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രഖ്യാപനവും പ്രതിജ്ഞയുമാണ് ദേശീയ വര്‍ത്തമാനപ്പത്ര ദിനാചരണം മുന്നോട്ടുവെക്കുന്നത്. ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അഭ്യൂന്നതിയിലും ജനങ്ങളുടെ അറിയാനുള്ള അവകാശ സുരക്ഷ ഉറപ്പാക്കുന്നതിലും കാവലാളാവുന്ന മാധ്യമങ്ങളുടെ കരുത്തും അത് ആവര്‍ത്തിച്ച് അടിവരയിടുന്നു. 

ഡിജിറ്റല്‍ മീഡിയയുടെ കുതിപ്പിലും പരസ്യങ്ങളുടെയും വാര്‍ത്തയുടെയും വിശ്വാസ്യതയില്‍ അച്ചടി മാധ്യമങ്ങള്‍ ഇന്നും ഏറെ മുന്നിലാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. നവ ഉദാരീകരണ ലോകത്തിന്റെ അതിവേഗ ജീവിത പ്രശ്‌നങ്ങള്‍ പത്രവായനയ്ക്ക് പ്രതിബന്ധങ്ങള്‍ തീര്‍ക്കുമ്പോഴും വാണിജ്യലോകം പരസ്യങ്ങളില്‍ പത്രങ്ങളെ കൈവിടാന്‍ തയാറാവാത്തതും ഇതുകൊണ്ടുതന്നെ. ഈ വര്‍ഷം ഇന്ത്യന്‍ പത്രങ്ങളുടെ പരസ്യ വിഹിതം 20, 000 കോടി രൂപ മറികടക്കുമെന്ന വിപണി വിശകലനവും ഇതിന്റെ അടിസ്ഥാനത്തിലാണ്. അടുത്തിടെ മലയാള പത്രങ്ങള്‍ ഏറെ പഴികേട്ട വ്യാജവാര്‍ത്താ പരസ്യം ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച വിവാദമായി വളര്‍ന്നതും പത്രങ്ങളില്‍ വരുന്നതെല്ലാം വിശ്വസിച്ചുവരുന്ന ജനസാമാന്യത്തിന്റെ സാമാന്യയുക്തി ചൂഷണം ചെയ്യാമെന്ന കോര്‍പറേറ്റ് അതിമോഹം കാരണമായിരുന്നു. 

വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ട്

അന്യായമായ തൊഴില്‍ സാഹചര്യങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങളും മാധ്യമ ലോകത്തിനു മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറെ വലുതാണ്. അനിയന്ത്രിതവും ഏകപക്ഷീയവുമായ പിരിച്ചുവിടലുകളും അടച്ചുപൂട്ടലുകളും മാധ്യമപ്രവര്‍ത്തകനു മുന്നില്‍ ജീവിതം ചോദ്യചിഹ്‌നമാക്കുന്നു. പ്രസ് കൗണ്‍സില്‍ പോലുള്ള സംവിധാനങ്ങള്‍ വര്‍ഷങ്ങളായി നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് രാജില്‍ നിരന്തര സെന്‍സര്‍ഷിപ്പിന് ഇരയായിക്കൊണ്ടിരുന്ന മാധ്യമങ്ങളെ മൗനമുദ്രിതമാക്കാന്‍ പലപ്രകാരത്തില്‍ ശ്രമങ്ങള്‍ ചുറ്റും നടന്നുകൊണ്ടിരിക്കുന്നു. കോര്‍പറേറ്റ്‌വത്കരണം സൃഷ്ടിക്കുന്ന പ്രതിസന്ധികളും എണ്ണമറ്റതാണ്. എല്ലാ തൊഴില്‍ നിയമങ്ങളെയും അതിലംഘിക്കുന്ന വിധത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ അധ്വാനഭാരവും തൊഴില്‍ സമയവും അധികരിച്ചുകൊണ്ടിരിക്കുന്നു. നാലാഴ്ചയില്‍ 144 മണിക്കൂര്‍ എന്നാണ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ട് മാധ്യമ പ്രവര്‍ത്തകന്റെ തൊഴില്‍ സമയം നിജപ്പെടുത്തിയിരിക്കുന്നതെങ്കില്‍ പലയിടത്തും രണ്ടാഴ്ച എത്തും മുമ്പേ അതിലുമേറെ സമയം പണിയെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വേതന വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പറയുന്ന ശമ്പളംപോലും കുടിശ്ശികയായി മാസങ്ങളും വര്‍ഷങ്ങളും പിന്നിടുന്ന അവസ്ഥ വ്യാപകമായി വരുന്നു. വേതനാവകാശ സംരക്ഷണത്തിനുള്ള വേജ് ബോര്‍ഡിന്റെ ആവശ്യകത ഇവിടെയാണു കൂടുതല്‍ പ്രസക്തമാവുന്നത്. 

മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണത്തിന്റെ കവചമായിരുന്ന വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കുകയും ഡിജിറ്റല്‍, ഇലക്‌ട്രോണിക് മാധ്യമങ്ങളെ കൂടി അതിന്റെ പരിധിയില്‍ കൊണ്ടുവരികയും മാത്രമാണ് ഈ ആപദ്ഘട്ടത്തിലെ ഏക പിടിവള്ളി. കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന തൊഴില്‍ നിയമസംഹിതയുടെ ഭാഗമായ ഒക്കുപ്പേഷനല്‍, സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡില്‍ കെട്ടിപ്പൂട്ടിയിടാനുള്ളതല്ല മാധ്യമങ്ങളുടെ പരിരക്ഷ എന്ന് ലേബര്‍ കോഡ് ചര്‍ച്ചയുടെ തുടക്കം മുതലേ മാധ്യമസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഉറപ്പിച്ചു പറഞ്ഞിട്ടുള്ളതാണ്.

ജനാധിപത്യം ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ പൗരാവകാശത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും ചെറുതായി കാണാനാവില്ല. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഏതുവിധ അതിക്രമങ്ങളും തൊഴില്‍ ചൂഷണവും സ്വതന്ത്രവും നിഷ്പക്ഷവുമായി കൈകാര്യം ചെയ്യുന്നതിന് മീഡിയ കമീഷന്‍ നിലവില്‍ വരേണ്ടതും അനിവാര്യമാവുകയാണ്.

By admin