ഗെയിം ചേഞ്ചറിന്റെ പരാജയം: 200 ശതമാനം കഴിവും ഇട്ട ചിത്രം, വേദനയുണ്ടെന്ന് നടി

ഹൈദരാബാദ്: ശങ്കറിൻ്റെ രാം ചരണും കിയാര അദ്വാനിയും ഒന്നിച്ചഭിനയിച്ച ഗെയിം ചേഞ്ചറിൻ്റെ ബോക്‌സ് ഓഫീസ് പരാജയത്തെക്കുറിച്ച് നടി അഞ്ജലി പ്രതികരിച്ചു. സമീപകാല തമിഴ് ചിത്രമായ മദഗജ രാജയുടെ തെലുങ്ക് റിലീസിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് നടി പ്രതികരിച്ചത്. അഭിനേതാക്കൾ തങ്ങളുടെ പരമാവധി നല്‍കിയ സിനിമകൾ അടയാളപ്പെടുത്താതെ പരാജയപ്പെടുമ്പോൾ അത് എങ്ങനെ വേദനിപ്പിക്കുന്നുവെന്ന് അഞ്ജലി വ്യക്തമാക്കി.

ഹൈദരാബാദിൽ നടന്ന ഒരു പ്രസ് മീറ്റിൽ ഗെയിം ചേഞ്ചറിന്‍റെ പരാജയം സംബന്ധിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് അഞ്ജലി പറഞ്ഞു, “ഒരു അഭിനേതാവ് എന്ന നിലയിൽ, എൻ്റെ കഥാപാത്രത്തെ ഞാൻ എത്ര നന്നായി അവതരിപ്പിച്ചുവെന്നതിൻ്റെ ഉത്തരവാദിത്തം എനിക്ക് മാത്രമേ ഏറ്റെടുക്കാൻ കഴിയൂ. ഒരു സിനിമ ബോക്സോഫീസിൽ വിജയിക്കണം എന്നതാണ് പ്രമോഷന്‍ ചെയ്യുമ്പോള്‍ അടക്കം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാൽ അതിനപ്പുറം, ഗെയിം ചേഞ്ചറിന് എന്ത് പറ്റി എന്ന് സംസാരിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. ഞാൻ എന്തിനാണ് അങ്ങനെ പറയുന്നതെന്ന് എല്ലാവർക്കും അറിയാം”. സിനിമ പൈറസിയുടെ ഇരയായി എന്നും. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രത്തിൻ്റെ എച്ച്ഡി പ്രിൻ്റ് ഓൺലൈനിൽ ചോർന്നതും നടി ചൂണ്ടിക്കാട്ടി.

തുടർന്ന് അഞ്ജലി പറഞ്ഞു “നിങ്ങൾ വ്യക്തിപരമായി വിശ്വസിക്കുകയും ഞങ്ങളുടെ മുഴുവന്‍ കഴിവ് നല്‍കുകയും ചെയ്യുന്ന ചില സിനിമകളുണ്ട്. ഞാൻ എൻ്റെ 200% ഗെയിം ചേഞ്ചറിന് നൽകി. ചിത്രം എന്നോട് സംസാരിച്ച ഒരു പ്രേക്ഷകനും സിനിമ മോശമാണെന്ന് പറഞ്ഞില്ല എന്നതില്‍ എനിക്ക് സന്തോഷം തോന്നുന്നു. നല്ല സിനിമ എന്നാണ് എല്ലാവരും ഇതിനെ വിശേഷിപ്പിച്ചത്.അവർ എൻ്റെ പ്രകടനത്തെ അഭിനന്ദിച്ചു, അതിനാല്‍ തന്നെ ചിത്രത്തിന് ലഭിക്കുന്ന തിരിച്ചടി എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

സിനിമയിൽ എന്താണ് തെറ്റ് സംഭവിച്ചതെന്ന് വിശകലനം ചെയ്യാൻ  കൂടുതൽ സമയം ആവശ്യമാണെന്ന് നടി ആവർത്തിച്ചു. വന്‍ ബോക്സോഫീസ് വിജയം പ്രതീക്ഷിച്ച വന്‍ ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ വന്‍ പാജയമാകുന്ന കാഴ്ചകണ്ടാണ് 2025 ബോക്സോഫീസ് ആരംഭിച്ചത്.ഒരു ബ്ലോക്ക്ബസ്റ്ററിൻ്റെ എല്ലാ ഘടകങ്ങളും ഉണ്ടായിരുന്നിട്ടും വൻ ബോക്സോഫീസ് പരാജയമായി മാറിയിരിക്കുകയാണ് ജനുവരി 10ന് ഇറങ്ങിയ രാം ചരണ്‍ കിയാര അദ്വാനി എന്നിവര്‍ അഭിനയിച്ച് ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ. 

ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്‌ത ഗെയിം ചേഞ്ചര്‍ 400 കോടിക്കും 500 കോടിക്കും ഇടയിലുള്ള ബജറ്റിലാണ് ഒരുക്കിയത് എന്നാണ് വിവരം.തീയറ്റര്‍ റൺ അവസാനിക്കുമ്പോൾ, ചിത്രത്തിൻ്റെ മൊത്തം കളക്ഷൻ 125 കോടി രൂപയാണ്. അതായത് മൂന്നൂറു കോടിയിലേറെ നഷ്ടമാണ് ചിത്രത്തിന് വന്നിരിക്കുന്നത്. അതേ സമയം ചിത്രത്തിന്‍റെ ആദ്യദിന കളക്ഷനില്‍ അടക്കം ഫെയ്ക്ക് കണക്കുകള്‍ കാണിച്ചുവെന്ന പേരില്‍ വലിയ അപമാനവും ചിത്രം നേരിട്ടു. 

പുഷ്പ 2 ഒടിടി റിലീസ് ഉടൻ; വന്‍ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്, റിലീസ് തീയതി എപ്പോള്‍ !

ഛാവ വിവാദം: പ്രശ്നം സൃഷ്ടിച്ച നൃത്തരംഗം നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംവിധായകൻ

By admin