പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വര്‍ഷം ശിക്ഷിച്ചോളൂവെന്നും ഉടനെ ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതിയോട് പറഞ്ഞു. തന്റെ ജീവിതമാര്‍ഗ്ഗത്തെ തകര്‍ത്തു, അതുകൊണ്ടാണ് കൊലപാതകം ചെയ്തത്. മകളുടേയും മരുമകന്റേയും മുന്നില്‍ തലകാണിക്കാന്‍ വയ്യ, അതിനാല്‍ എത്രയും വേഗം ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതി മുന്‍പാകെ ആവശ്യപ്പെട്ടു.
വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പോലീസ് ഇയാളെ ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ചെന്താമരയെ പോലീസ് സ്‌റ്റേഷനില്‍നിന്ന് കോടതിയിലെത്തിച്ചത്. കോടതിയില്‍ വലിയ ആള്‍ക്കൂട്ടമാണുണ്ടായിരുന്നത്.പ്രതി മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നും തന്റെ പദ്ധതി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രിതമായാണ് ചെന്താമര കൊലപാതകം നടത്തിയത്. ഇതിനായി ദിവസങ്ങള്‍ക്കുമുന്‍പ് കൊടുവാള്‍ വാങ്ങി. പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.പോത്തുണ്ടി സ്വദേശിയായ സുധാകരനേയും അമ്മ മീനാക്ഷിയേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ചെന്താമരയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷമാണ് പോലീസ് പിടികൂടിയത്. പോത്തുണ്ടി മാട്ടായില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണിലെ സിം ഓണായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൂമ്പാറയിലെ ക്വാറിയിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇയാള്‍ ബെംഗളൂരുവിലേക്ക് കടന്നതായുള്ള അഭ്യൂഹവും പ്രചരിച്ചിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച പത്തുമണിയോടെ ഇയാളെ പോലീസ് പിടികൂടിയത്.https://eveningkerala.com/images/logo.png