2 ലക്ഷം വരെ വില, തീറ്റ ബദാമും പിസ്തയും! നിരോധനം നീങ്ങി, തമിഴ്നാട്ടിൽ കോഴിപ്പോര് വീണ്ടും സജീവമാകുന്നു

2 ലക്ഷം വരെ വില, തീറ്റ ബദാമും പിസ്തയും! നിരോധനം നീങ്ങി, തമിഴ്നാട്ടിൽ കോഴിപ്പോര് വീണ്ടും സജീവമാകുന്നു

ഇടുക്കി: കാളപോരിന് പേരുകേട്ട തമിഴ്നാട് കാർഷികഗ്രാമങ്ങളിൽ കോഴി പോരും സജീവമാകുന്നു. കോഴിപ്പോരിനിടയിൽ കോഴിയുടെ കാലിൽ കെട്ടിയിരുന്ന മൂർച്ചയേറിയ കത്തി തറച്ച് കാണികളിലൊരാൾ മുമ്പ് മരണപ്പെട്ടിരുന്നു ഇതേ തുടർന്ന് കാള പോരിനൊപ്പം കോഴിപ്പോരിനും സുപ്രീം കോടതി വിലക്ക് കല്പിച്ചിരുന്നു. നിരോധനം നീങ്ങിയതോടെ തമിഴ്നാട്ടിലുടനീളം കോഴിപ്പോര് മത്സരവും സജീവമായിരിക്കുന്നത്. ഉത്സവങ്ങളുടേയും മറ്റ് ആഘോഷങ്ങളുടേയും ഭാഗമായിട്ടാണ് കോഴിപ്പോര് അരങ്ങേറുന്നത്. കോഴിപോരിനുവേണ്ടി പ്രത്യേകം ഇനം കോഴികളെ ആറ് മാസം വരെ പ്രത്യേക പരിശീലനം നൽകിയാണ് വളർത്തുന്നത്. ശണ്ടൈകോഴികൾ എന്നാണ് ഇവ അറിയപ്പെടുന്നത്.

വ്യക്തികളും വിവിധ സംഘടനകളുമാണ് വിജയിക്കുന്ന കോഴിയുടെ ഉടമയ്ക്ക് സമ്മാനങ്ങൾ നൽകുന്നത്. മത്സരത്തിൽ കോഴികൾക്കും ഉടമകൾക്കും മാത്രമല്ല കാണികൾക്കുമുണ്ട് വീറും വാശിയും ആവേശവും. മുല്ലപെരിയാർ അണകെട്ടിന്‍റെ ശില്പി പെന്നി ക്വിക്കിന്‍റെ ജന്മദിനത്തിൽ പോലും കോഴിപ്പോര് സംഘടിപ്പിച്ചാണ് മധുര ജില്ലയിലെ ആഘോഷം. ആറുമാസം വരെ അധികമാരുടേയും കണ്ണിൽപെടാതെ വിലയേറിയ പോഷക സമ്പുഷ്ടമായ തീറ്റയും പരിചരണവും പരിശീലനവും നൽകി പോരു കോഴികളെ വളർത്തി മത്സരകളത്തിലിറക്കുമ്പോൾ അത് തമിഴ്നാട്ടുകാർക്ക് മറ്റൊരാഘോഷമായി മാറുകയാണ്.

2 ലക്ഷം വരെ വില, തീറ്റ ബദാമും പിസ്തയും! നിരോധനം നീങ്ങി, തമിഴ്നാട്ടിൽ കോഴിപ്പോര് വീണ്ടും സജീവമാകുന്നു

പോരു കോഴികൾക്ക് വില 10,000 മുതൽ രണ്ടു ലക്ഷം വരെ

വളവി, പട്ട, സാംബ, ചെലവ എന്നീ ഇനങ്ങളിൽപ്പെട്ടവയാണ് ശണ്ടൈകോഴികൾ. തേനി, മധുര, വിരുതനഗർ, ദിണ്ടുകൽ, തഞ്ചാവൂർ, തൃച്ചി തുടങ്ങിയസ്ഥലങ്ങളിൽ ശണ്ടൈകോഴികളെ വളർത്തുന്നവർ ധാരാളമുണ്ട്. പ്രത്യേക പരിശീലനവും തീറ്റയും നൽകി വളർത്തി വരുന്ന പോരു കോഴികൾക്ക് ഒരെണ്ണത്തിന് 10,000 മുതൽ രണ്ടു ലക്ഷം രൂപവരെയാണ് വില, ഇതിൽ വളവി , പട്ട എന്നീ ഇനങ്ങൾക്കാണ് ഏറെ ഡിമാൻറ് ഇവയ്ക്ക് രണ്ടു ലക്ഷത്തിനു മേൽവിലയുണ്ടെന്നും പറയപ്പെടുന്നു. മധുരക്കടുത്ത് മേലൂർ, കോയില പുരം, പണ്ണപുറം, എന്നിവിടങ്ങളിലാണ് ഈ ഇനം കോഴികളെ ഏറ്റവും കൂടുതൽ വളർത്തുന്നത്.

തീറ്റ ബദാം, ഈന്തപ്പഴം, പിസ്തയും ഹോർലിക്സ് തുടങ്ങിയവ

മുന്തിരി, ബദാം, ഈന്തപ്പഴം, പിസ്ത, ഗ്ലൂക്കോസ്, ഹോർലിക്സ്, മുട്ടയുടെ വെള്ള തുടങ്ങിയവയാണ് തീറ്റയായി നൽകുന്നത്. തമിഴ്നാട്ടിൽ നടക്കുന്ന കോഴി പോരിൽ പങ്കെടുക്കാൻ കർണാടകയിൽ നിന്നു പോലും കോഴികളുമായി എത്താറുണ്ട്. കോഴികളുടെ എണ്ണത്തിന് അനുസരിച്ച് പ്രത്യേക കളങ്ങൾ നിലത്ത് തയ്യാറാക്കിയാണ് മത്സരം നടത്തുന്നത് പരസ്പരം കൊത്തി പോരടിച്ച് തളർന്നു വീഴാതെ നിലയുറപ്പിക്കുന്ന കോഴിയെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്.

Read More : ടൂറിസ്റ്റുകൾ ഹാപ്പിയല്ലേ…! മഞ്ഞ് പുതച്ച്, തണുത്തുറഞ്ഞ് മൂന്നാർ, വീണ്ടും താപനില പൂജ്യത്തിലെത്തി

By admin