ഹ്യുണ്ടായി വിറ്റത് 6.75 ലക്ഷം കണക്റ്റഡ് കാറുകൾ
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) 2019-ൽ അവതരിപ്പിച്ചതിന് ശേഷം ‘കണക്‌റ്റഡ്’ ഫീച്ചറുകളുള്ള 6.75 ലക്ഷം കാറുകൾ വിറ്റഴിച്ചതായി പ്രഖ്യാപിച്ചു. നിലവിൽ, ഇന്ത്യയിൽ 14 മോഡലുകളിൽ 12 എണ്ണത്തിലും കണക്റ്റഡ് കാർ ഫീച്ചറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) 2019-ൽ അതിൻ്റെ രണ്ട് മോഡലുകളിൽ മാത്രമായിരുന്നു ആദ്യം കണക്റ്റഡ് കാർ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ഇപ്പോൾ കമ്പനിയുടെ പോർട്ട്‌ഫോളിയോയുടെ 12 മോഡലുകൾ ഈ സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു. 2019 മുതൽ, കണക്റ്റഡ് ഫീച്ചറുകളുള്ള മൊത്തം 6,75,204 കാറുകൾ ഹ്യുണ്ടായ് വിറ്റഴിച്ചു എന്നാണ് പുതിയ കണക്കുകൾ. ഇതിൽ നിന്ന് ഈ സാങ്കേതികവിദ്യയുടെ ജനപ്രീതി അളക്കാൻ കഴിയും.
2019 മുതൽ 2024 വരെയുള്ള ആറ് വർഷത്തിനിടെയാണ് കമ്പനിയുടെ ഈ നേട്ടം. ആറു വർഷം കൊണ്ട് 6,75,204 കണക്റ്റഡ് കാറുകളാണ് ഹ്യൂണ്ടായ് വിറ്റഴിച്ചത്. ഇൻ-ബിൽറ്റ് സിം കാറുള്ള AI അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമായ ബ്ലൂലിങ്കിലൂടെ കമ്പനി കണക്റ്റഡ് കാർ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായ് ബ്ലൂലിങ്ക് വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ 2019-ൽ 35 ഫീച്ചറുകളിൽ നിന്ന് 2024-ൽ 70-ലധികമായി ഉയർന്നു.
ഹ്യൂണ്ടായ് ബ്ലൂലിങ്കിൽ i20, i20 എൻ ലൈൻ, എക്സ്റ്റർ, വെന്യു എൻ ലൈൻ, വെർണ, ക്രെറ്റ, ക്രെറ്റ എൻ ലൈൻ, ക്രെറ്റ ഇവി, അൽക്കാസർ, ട്യൂസൺ, ഐയോണിക്ക് 5 ഇലക്ട്രിക് എസ്‌യുവി തുടങ്ങിയവ ഉൾപ്പെടുന്നു. ഇന്ത്യയിൽ എംബഡഡ് കണക്റ്റഡ് കാർ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ ഒറിജിനൽ എക്യുപ്‌മെൻ്റ് മാനുഫാക്‌ചറർ (ഒഇഎം) കമ്പനിയാണെന്ന് ഹ്യുണ്ടായി എന്ന് എച്ച്എംഐഎൽ കോർപ്പറേറ്റ് പ്ലാനിംഗ് ഫംഗ്‌ഷൻ ഹെഡ് ജെ വാൻ റ്യൂ പറഞ്ഞു.
അതേസമയം ഹ്യുണ്ടായിയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ വെന്യൂവിൻ്റെ അപ്‌ഡേറ്റ് പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ ലോഞ്ചിന് മുന്നോടിയായി, അടുത്ത തലമുറയിലെ ഹ്യുണ്ടായി വെന്യു ആദ്യമായി ഇന്ത്യയിൽ പരീക്ഷണം നടത്തുന്നതായി കണ്ടെത്തി. 2025 അവസാനത്തോടെ പുതിയ ഹ്യുണ്ടായി വെന്യു പുറത്തിറക്കുമെന്ന് പല റിപ്പോർട്ടുകളും അവകാശപ്പെടുന്നു. പുതിയ വെന്യുവിൽ, ഉപഭോക്താക്കൾക്ക് ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങൾ ലഭിക്കും.
അടുത്ത തലമുറ വെന്യുവിന്‍റെ ടെസ്റ്റ് പതിപ്പിന് അടുത്തിടെ വെളിപ്പെടുത്തിയ സ്പൈ ഷോട്ടുകൾ നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ചില വലിയ വ്യത്യാസങ്ങൾ കാണിക്കുന്നു. പുതിയ വെന്യുവിലെ ടെയിൽ ലാമ്പുകൾക്ക് തികച്ചും പുതിയ ഡിസൈൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഹെഡ്‌ലൈറ്റുകളിലും ഫ്രണ്ട് ഗ്രില്ലിലും വലിയ മാറ്റങ്ങൾ ദൃശ്യമാകും. പുതിയ കാറിന് വലിയ ഗ്രിൽ അസംബ്ലിയുള്ള പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, പുനർരൂപകൽപ്പന ചെയ്ത ടെയിൽലാമ്പുകൾ, ബമ്പറുകളുള്ള അലോയ് വീലുകൾ തുടങ്ങിയവ ലഭിക്കുന്നു. ഇൻ്റീരിയറിൽ ഡാഷ്‌ബോർഡിനും സെൻ്റർ കൺസോളിനും പുതിയ അപ്‌ഹോൾസ്റ്ററിയോടെ പ്രീമിയം ലുക്ക് നൽകാം.