വരുന്നൂ പുതിയ ട്രാഫിക് നിയമം, ഇന്ത്യൻ ഭാഷകളിലും ബോധവത്കരണവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ട്രാഫിക് നിയമത്തിലെ പുതിയ ഭേദഗതികളെക്കുറിച്ച് പൗരന്മാരെയും താമസക്കരെയും ബോധവത്കരിക്കുന്നതിനായി ക്യാമ്പയിൻ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദി, ബംഗാളി, പാകിസ്താനി, ഫിലിപ്പിനോ തുടങ്ങിയ ആറോളം ഭാഷകളിലായാണ് പ്രധാനമായും ക്യാമ്പയിൻ നടത്തുന്നത്. ട്രാഫിക് സുരക്ഷയും നിയമ പാലനവും വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
read also: സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യ – ഒമാൻ വാണിജ്യ, വ്യവസായ മന്ത്രിമാരുടെ ചർച്ച അന്തിമ ഘട്ടത്തിൽ
രാജ്യത്തെ വിവിധ സമൂഹങ്ങളിലേക്ക് ക്യാമ്പയിൻ എത്തിക്കുന്നതിനായി പരമ്പരാഗത മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. മന്ത്രാലയം നൽകുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതു വഴി ജനങ്ങൾക്ക് അവരുടെ ഇഷ്ട ഭാഷയിൽ വിവരങ്ങൾ ലഭിക്കും. പുതിയ ട്രാഫിക് നിയമം ഏപ്രിൽ 22 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വരിക. 48 വർഷത്തിനു ശേഷമാണ് കുവൈത്തിലെ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തുന്നത്. നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.