കോട്ടയം: രണ്ടാഴ്ചക്കുള്ളിൽ പോലീസിന്റെ അനാസ്ഥകാരണം പൊലിഞ്ഞത് അഞ്ചു ജീവനുകൾ.പോലീസ് സേവനം ചെയ്യുക ഉന്നതർക്കു മാത്രമോ.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ കർത്തവ്യങ്ങളിൽ വീഴ്ച വരുത്തിയതോടെയാണ് ചേന്ദമംഗലം കൂട്ടകൊലയും പിന്നാലെ നെന്മാറ ഇരട്ടകൊല കേസും ഉണ്ടായത്.
പാലക്കാട് നെന്മാറയിൽ കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി ആദ്യം കൊല നടത്തിയ വീട്ടിലെ അമ്മയേയും മകനേയും വെട്ടികൊന്നു. അമ്മ മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് അയൽവാസിയായ ചെന്താമരയുടെ വെട്ടേറ്റു മരിച്ചത്.
സുധാകരന്റെ ഭാര്യ സജിതയെ വെട്ടി കൊന്ന കേസിലാണ് ചെന്താമര ജയിലിലേക്ക് പോകുന്നത്. സംഭവത്തിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയരുകയാണ്.
പ്രതി ചെന്താമരയ്ക്കെതിരെ നേരത്തെ പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ചെന്താമരക്കെതിരെ പരാതിപ്പെട്ടിട്ടും പോലീസ് ഗൗനിച്ചില്ലെന്നും മകൾ ആരോപിക്കുന്നു.
കഴിഞ്ഞമാസം 29ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നെന്മാറ പോലീസിന് പരാതി നൽകിയിരുന്നതായി മകൾ അഖില പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം വിട്ടയച്ചു. പോലീസിന്റെ അനാസ്ഥയാണ് അച്ഛന്റെയും അച്ഛമ്മയുടെയും ജീവനെടുത്തതെന്ന് അഖില പറഞ്ഞു.
ഒരു കുടുംബത്തിലെ 3 പേർക്ക് ജീവൻ നഷ്ടമായതിന്റെ നടുക്കം ചേന്ദമംഗലം പേരേപ്പാടം പ്രദേശവാസികൾക്ക് ഇന്നും വിട്ടുമാറിയിട്ടില്ല.
പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (കണ്ണൻ-60), ഭാര്യ ഉഷ (52), മകൾ വിനിഷ (32) എന്നിവരെയാണ് അയൽവാസി ഋതു ജയൻ കഴിഞ്ഞ 16ന് അതിക്രൂരമായി അടിച്ചുകൊന്നത്. രണ്ടു ദിവസം മുൻപു ഗൾഫിൽ നിന്നെത്തിയ വിനിഷയുടെ ഭർത്താവ് ജിതിൻ ബോസിനെ ലക്ഷ്യം വച്ചുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
തടയാനെത്തിയപ്പോൾ മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു. ജിതിൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഥിരം ക്രിമിനലും 5 കേസുകളിൽ പ്രതിയുമായ ഋതുവിനെതിരെ നേരത്തേ നടപടി എടുത്തിരുന്നെങ്കിൽ മൂന്നു പേരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
അയൽവാസികൾ അടക്കമുള്ളവർ ഇയാൾക്കെതിരെ വടക്കേക്കര പോലീസിൽ പരാതികൾ നൽകിയിരുന്നു. മോഷണം, വീട് ആക്രമിക്കൽ, സ്ത്രീകളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ, മർദനം തുടങ്ങിയ പരാതികളായിരുന്നു കൂടുതലും.
വിനീഷയ്ക്കെതിരെയും അയൽവാസിയായ മറ്റൊരു സ്ത്രീക്കെതിരെയും ഇത്തരത്തിൽ അപവാദ പ്രചാരണം നടത്തിയതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ സ്റ്റേഷനിൽ വിളിച്ചു വരുത്തുന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല. മാനസിക വെല്ലുവിളി നേരിടുന്നയാളെന്നു പറഞ്ഞ് ഇയാൾ നിയമനടപടികളിൽനിന്നു രക്ഷപെട്ടു.
തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഒരു കൂസലും ഇല്ലാതെയാണ് പ്രതി പ്രതികരിച്ചത്. ജിതിൻ ജീവീച്ചിരിക്കുന്നതിൽ ദുഖമുണ്ടെന്നു പ്രതി പറഞ്ഞത് ഞെട്ടലോടെയാണ് ജനം കേട്ടത്.
ഇപ്പോൾ ജയിലിലേക്ക് പോയ പ്രതി കുറച്ചു നാൾ കഴിഞ്ഞു ജാമ്യം നേടി പുറത്തിറങ്ങുമെന്നും അപ്പോൾ തന്നെയും കൊല്ലുമെന്നു നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ പറഞ്ഞ അതേ ഭീതിയിലാണ് ജിതിന്റെ കുടുംബം ഉള്ളതും.
ഋതുവിന്റെ കസ്റ്റഡി റിപ്പോർട്ടിൽ ഇയാൾ വീണ്ടും കൊലപതാകം ചെയ്യതാൻ സാധ്യതയുണ്ടെന്നും സമൂഹത്തിന് അപകടകാരിയാണെന്നുമാണ് ഉള്ളത്. പക്ഷേ, നിയമത്തിന്റെ പഴുത് ഉപയോഗിച്ചു ഋതുവും പുറത്തിറങ്ങില്ലെന്ന് പറയാൻ സാധിക്കുമോ എന്നും നാട്ടുകാർ ചോദിക്കുന്നു.