ഡല്‍ഹി: ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധവും 1993 ലെ ബോംബെ സ്ഫോടനത്തിലെ പങ്കുമാണ് എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ വെടിവച്ചു കൊല്ലാന്‍ അന്‍മോള്‍ ബിഷ്ണോയി തീരുമാനിക്കാന്‍ കാരണമെന്ന് പിടിയിലായ ഷൂട്ടര്‍ ശിവകുമാര്‍ ഗൗതം. പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.
ബാബ സിദ്ദിഖിനെയോ മകന്‍ സീഷാന്‍ സിദ്ദിഖിനെയോ കൊല്ലാന്‍ തന്നോട് ആവശ്യപ്പെട്ടതായും കുറ്റകൃത്യം നടത്താന്‍ 10-15 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ഇയാള്‍ അവകാശപ്പെട്ടു
ഒക്ടോബര്‍ 12 നാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയായിരുന്ന ബാബ സിദ്ദിഖിനെ (66) കൊലപ്പെടുത്തിയത്. കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിയുടെ കുറ്റസമ്മതം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് പ്രദേശത്തുള്ള മകന്റെ ഓഫീസിന് പുറത്താണ മൂന്ന് അക്രമികള്‍ സിദ്ദിഖിനെ വെടിവച്ചു കൊന്നത്.
ബാബ സിദ്ദിഖിനെയും സീഷാന്‍ സിദ്ദിഖിനെയും കൊല്ലാന്‍ തനിക്കും കൂട്ടാളിയായ ധര്‍മ്മരാജ് കശ്യപിനും 10-15 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി ഗൗതം സമ്മതിച്ചു
സിദ്ദിഖിന്റെ വസതിയിലും ഓഫീസിലും രഹസ്യാന്വേഷണം നടത്തി, മാസങ്ങളോളം സൂക്ഷ്മമായി ആസൂത്രണം ചെയ്തതാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ വെളിപ്പെടുത്തി.