പാലക്കാട്: നെന്മാറയിൽ അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിൽ പ്രതി ചെന്താമരക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടരുന്നു. നെന്മാറ പോത്തുണ്ടി തിരുത്തൻപാടം സ്വദേശി ചെന്താമര ഇന്ന് രാവിലെയാണ് അയൽവാസികളായ സുധാകരൻ, അമ്മ ലക്ഷി എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പ് സുധാകരന്‍റെ ഭാര്യ സജിതയെ (35) വെട്ടിക്കൊന്നയാളാണ് ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഇയാൾ കൊല നടത്തിയത്.
ലോറി ഡ്രൈവറായിരുന്നു ചെന്താമര. അഭിപ്രായ ഭിന്നതയെ തുടർന്ന് ഇയാളും ഭാര്യയും പിരിഞ്ഞ് കഴിയുകയായിരുന്നു. താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം അയൽവാസികളാണെന്നായിരുന്നു ചെന്താമരയുടെ ധാരണ. ഭാര്യയുടെ അടുത്ത സുഹൃത്ത് കൂടിയായ സജിതയെ ഇയാൾ 2019ൽ വീട്ടിനുള്ളിൽ വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത നേരം പിറകിലൂടെത്തി കത്തികൊണ്ട് കഴുത്തിൽ വെട്ടിയാണ് സജിതയെ ഇയാൾ കൊലപ്പെടുത്തിയത്.കേസിൽ പിടിയിലായതിന് ശേഷം ജയിലിൽ കഴിയുകയായിരുന്നു ചെന്താമര. വിചാരണ നടപടികൾ പുരോഗമിക്കവേ രണ്ട് മാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഇയാൾ വീണ്ടും മറ്റെന്തെങ്കിലും കുറ്റകൃത്യം ചെയ്യുമോയെന്ന ഭയം നാട്ടുകാർക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ നെന്മാറ പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.ഇന്ന് രാവിലെ 10 മണിയോടെയാണ് ചെന്താമര അയൽവീട്ടിലെത്തി സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊല്ലുന്നത്. ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു ഇരുവരും. ലക്ഷ്മിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ സുധാകരൻ മരിച്ചതായാണ് വിവരം. സുധാകരന്‍റെ മൃതദേഹത്തിന് മുന്നിൽ നാട്ടുകാർ പ്രതിഷേധവുമായെത്തി. പ്രതിയെ പിടികൂടിയാൽ മാത്രമേ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ അനുവദിക്കൂവെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.https://eveningkerala.com/images/logo.png