കോട്ടയം: വിരമിക്കുന്ന അധ്യാപികയോടുള്ള ആദരസൂചകമായി വിദ്യാര്‍ഥികള്‍ അര്‍പിച്ച ഗുരുവന്ദനം വേറിട്ടൊരു കാഴ്ചയായി. നൃത്ത-നൃത്ത്യങ്ങളുടെ അകമ്പടിയോടെ അധ്യാപികയ്ക്ക് ബൊക്കയും മാലയും നല്‍കിയും വേദിയില്‍ നിന്ന അധ്യാപികയുടെ ചിത്രം സദസ്സിന് മുമ്പില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ക്യാന്‍വാസില്‍ പകര്‍ത്തിയും വിദ്യാര്‍ഥികള്‍  വേറിട്ട ഗുരുവന്ദനമാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചത്. 
വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ അധ്യാപികയുടെ ജീവചരിത്രം വര്‍ണിച്ചു കുട്ടികള്‍ അവതരിപ്പിച്ച വള്ളംകളി ഏറെ ശ്രദ്ധ നേടി.

ഈ കാഴ്ച്ചകളാണ് മോന്‍സ് ജോസഫ് എംഎല്‍എയുടെ മനസ്സ് നിറച്ചത്. കുട്ടികളുടെ പ്രകടനം കണ്ട് മനസ്സ് നിറഞ്ഞ എംഎല്‍എ കുട്ടികളെ അനുമോദിക്കുകയും,   സ്വന്തമായി ക്യാഷ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു.
പാലാ കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടം അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണവും പഞ്ചായത്ത് പ്രസിഡന്റ്  കോമളവല്ലി രവീന്ദ്രന്‍ ഫോട്ടോ അനാച്ഛാദനവും നിര്‍വഹിച്ചു.

 പ്രിന്‍സിപ്പല്‍ അനൂപ് സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി, പഞ്ചായത്തംഗം ആന്‍സി സിബി എന്നിവര്‍ പ്രസംഗിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *