കോട്ടയം: വനത്തിലെ ജല ലഭ്യതയെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്ന അധിനിവേശ സസ്യങ്ങള്‍  പടര്‍ന്നു പിടിക്കുകയാണ്. മനുഷ്യ -വന്യജീവി സങ്കർഷം ഒഴിവാക്കാൻ ഇവ നീക്കം ചെയ്തു സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചു പിടിക്കുക എന്നതാണ് ഏക മാര്‍ഗം.
ആനയും പുലിയും കടുവയുമെക്കെ കാടിറങ്ങുന്നതിന് കാരണം വനത്തിലെ അധിനിവേശ സസ്യങ്ങളാണ്. മഞ്ഞക്കൊന്ന, അക്കേഷ്യ, യൂക്കാലി തുടങ്ങിയ മരങ്ങളാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
27,000 ഹെക്ടറിലെ അക്കേഷ്യ, യൂക്കാലി, മഞ്ഞക്കൊന്ന തുടങ്ങിയ സസ്യങ്ങളാവും നീക്കാന്‍ വനം വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. പക്ഷേ, ഇതിനു 20 വര്‍ഷം വേണമെന്നാണ് വനം വകുപ്പ് പറയുന്നത്.
മഞ്ഞക്കൊന്ന വ്യാപിച്ച പ്രദേശങ്ങളില്‍ ഇവ ഭൂമിയിലെ വെള്ളവും വളവും വലിച്ചെടുക്കുകയും ഇതുമൂലം മറ്റുചെടികള്‍ ഉണങ്ങി നശിക്കുകയും ചെയ്യുന്നു.
ഇതോടെ തീറ്റ ലഭിക്കാതെ ആനയും മാനും ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവാണ്. യൂക്കാലിയും അക്ക്വേഷ്യയും വനത്തിന് വില്ലനാണ്. 
സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് ഉപയോഗപ്രദമല്ലാത്തതും തദേശയിനം വൃക്ഷങ്ങളെ വളരാന്‍ അനുവദിക്കാത്തതുമായ മഞ്ഞക്കൊന്ന കാടിന്റെ ജൈവ സമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഗുരുതര ഭീഷണിയാണ്.
 ഇവ നശിപ്പിക്കുന്നതിന് വനം വകുപ്പ് നടപടി തുടങ്ങിയെങ്കിലും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. പത്ത് സെൻ്റീമീറ്ററിന് മുകളില്‍ വണ്ണമുള്ള തൈകള്‍ നെഞ്ച് ഉയരത്തില്‍ തൊലി നീക്കം ചെയ്ത് അവ ഉണക്കി കളയുകയാണ് ചെയ്യുക. പത്ത് സെന്റീമീറ്ററില്‍ താഴെ വണ്ണമുള്ളവ പിഴതു കളയും.
ഇവ 20 വര്‍ഷം കൊണ്ട് ഇല്ലാതാക്കുമെന്നാണ് കഴിഞ്ഞ ജൂണില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞത്. ഒരു ലക്ഷം ടണ്‍ അസംസ്‌കൃത വസ്തുക്കള്‍ വനത്തില്‍ നിന്ന് ശേഖരിക്കാന്‍ പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന് അനുമതിയും നല്‍കിയിരുന്നു.
വെട്ടിമാറ്റുന്ന മരങ്ങള്‍ പേപ്പര്‍ നിര്‍മ്മാണത്തിനുള്ള പള്‍പ്പാക്കി മാറ്റും. വന്യജീവികള്‍ക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കാന്‍ ഞാവല്‍, സീതപ്പഴം, മുള എന്നിവ വച്ചുപിടിപ്പിക്കുമെന്നെല്ലാം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ വേഗതയിലാണ് പദ്ധതികള്‍ പോകുന്നതെങ്കില്‍ പദ്ധതി വിജയം കാണില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *