മോഷ്ടിച്ച സ്‌കൂട്ടറില്‍ സഞ്ചരിക്കവേ വഴിയില്‍ കണ്ട ബാറ്ററിയും പൊക്കി; ഒടുവില്‍ സൂര്യനെ പിടികൂടി പൊലീസ്

കോഴിക്കോട്: മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. വടകര എടക്കാട് സ്വദേശി മാവിളിച്ചിക്കണ്ടി സൂര്യനെ(24) ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ ഇയാള്‍ പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ന്യൂമാഹി സ്വദേശിയായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ സ്‌കൂട്ടര്‍ സൂര്യന്‍ മോഷ്ടിച്ചത്. തുടര്‍ന്ന് സ്‌കൂട്ടര്‍ ഉടമ ചോമ്പാല പോലീസില്‍ പരാതി നല്‍കിയിരുന്നു. എസ്‌ഐ മനീഷിന്റെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുകൊണ്ടിരിക്കെ കൊയിലാണ്ടിയില്‍ വച്ച് സൂര്യനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ സ്‌കൂട്ടറില്‍ മോഷ്ടിച്ച ബാറ്ററിയുമായി സഞ്ചരിക്കുന്നതിനിടയിലാണ് ഇയാള്‍ കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. പിന്നീട് കോടതിയില്‍ നിന്നും ജാമ്യം നേടിയ സൂര്യന്‍ ചോമ്പാല പോലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി പാലക്കാട് ജില്ലയിലേക്ക് ഒളിവില്‍ പോയി.

ഇയാള്‍ നാട്ടിലേക്ക് തിരിച്ചുവരുന്നുണ്ടെന്ന് രഹസ്യം വിവരം ലഭിച്ച പോലീസ് കൊയിലാണ്ടിയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എസ്‌ഐയെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിജിത്ത് വികെ, അനന്തന്‍ ടികെ എന്നിവരും സൂര്യനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

By admin