കൊച്ചി:  പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 70 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. അസാം സ്വദേശികളായ മൊഹിദുൾ ഇസ്ലാം, ബാബു സോഹ്റ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ മോഷണത്തിലെ പ്രതികളെ പോലീസ് പിടികൂടിയത് അതി സാഹസികമായാണ്.
കെട്ടിടത്തിൽ ആളില്ലെന്ന് കരുതി തിരികെ പോകുന്നതിനിടെ മോഷ്ടിച്ച നാണയത്തുട്ടുകൾ പ്രതികൾ എണ്ണുന്ന ശബ്ദമാണ് പൊലീസിന് വഴികാട്ടിയായത്. 
70 പവൻ സ്വർണത്തിന് പുറമെ ആധാരം അടക്കമുള്ള രേഖകളും, വർഷങ്ങൾ പഴക്കമുള്ള നാണയ ശേഖരങ്ങളും പണവുമാണ് കലൂർ ദേശാഭിമാനി റോഡിലെ കെഎസ്ഇബി എഞ്ചിനീയറുടെ പൂട്ടി കിടന്ന വീട്ടിൽ നിന്ന് മോഷണം പോയത്. നോർത്ത് റയിൽവെ സ്റ്റേഷൻ പരിസരത്തെ കാട് പിടിച്ചു കിടന്ന ആളൊഴിഞ്ഞ കെട്ടിടമായിരുന്നു പ്രതികളായ അസം സ്വദേശികളുടെ താവളം. ഇവിടെയെത്തി പരിശോധന നടത്തിയ പോലീസ് സംഘം മടങ്ങാൻ ഒരുങ്ങവേയാണ് കെട്ടിടത്തിന്റെ മച്ചിന് മുകളിൽ നാണയം എണ്ണുന്ന ശബ്ദം കേൾക്കുന്നത്.
ഒരു ബക്കറ്റ് നിറയെ ഉണ്ടായിരുന്ന നാണയ തുട്ടുകൾ ഏറെ പണിപ്പെട്ടാണ് പോലീസ് സംഘം പുറത്തേക്ക് എടുത്തത്. കെട്ടിടത്തിന്റെ ഓട് പൊളിച്ചു അകത്തേക്ക് കടന്ന പോലീസ് സംഘത്തെ കണ്ട് പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രതികളിൽ ഒരാൾക്ക് പരുക്കേറ്റു. മോഷ്ടിച്ച 70 പവനിൽ ഏഴ് പവൻ മാത്രമാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്. ബാക്കിയുള്ള സ്വർണവും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ബാബു സൊഹ്റ നേരത്തെയും മോഷണ കേസിലെ പ്രതിയാണ്. എറണാകുളം നോർത്ത് എസ്എച്ച്ഒ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *