തൃശൂർ: യാത്രാ ദുരിതമനുഭവിക്കുന്നവർക്ക് മാതൃകയായി മതിലകത്തെ ഒരു ജനകീയ റോഡ്. മതിലകം പഞ്ചായത്ത് ഏഴാം വാർഡിലാണ് ജനകീയ കൂട്ടായ്മയിൽ റോഡ് നിർമ്മിച്ചത്.
അധികാര കേന്ദ്രങ്ങളെ ആശ്രയിക്കാതെ ഗുണഭോക്താക്കൾ കൈകോർത്ത് മികച്ചൊരു ടൈൽ റോഡ് യാഥാർത്ഥ്യമാക്കുകയായിരുന്നു. പതിമൂന്നോളം കുടുംബങ്ങൾ ഒത്ത് ചേർന്ന് റോഡിനായി അഞ്ച് ലക്ഷത്തിലേറെ രൂപ ചിലവഴിച്ചു.
ദേശീയ പാതയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഫെറി റോഡിനോട് ചേർന്നാണ് റോഡ് ഉണ്ടാക്കിയത്. ഇതോടെ സ്ഥലത്ത് മഴ പെയ്താൽ രൂപപ്പെടുന്ന വെള്ളക്കടിനും പരിഹാരമായി.
സാങ്കേതിക പ്രശ്നങ്ങളും മറ്റു നൂലാമാലകളും പ്രതിബന്ധം സൃഷ്ടിക്കാതെ എളുപ്പത്തിൽ നിർമ്മാണം പൂർത്തിയാക്കാനായി.
സ്ഥലവാസികൾ ഒത്ത് കൂടിയ ആഹ്ലാദകരമായ അന്തരീക്ഷത്തിൽ വാർഡ് മെമ്പർ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ മെമ്പർ കെ.വൈ.അസീസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.