ആലപ്പുഴ: പാലക്കാട് ജില്ലയിലെ എലപ്പുളളിയിൽ വൻകിട മദ്യനിർമാണശാലക്ക് അനുമതി നൽകാനുളള മന്ത്രിസഭാ തീരുമാനത്തെ എതിർക്കാൻ സി.പി.ഐ തീരുമാനം.
ഇന്ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് ജലദൗർലഭ്യം നേരിടുന്ന എലപ്പുളളി മേഖലയിൽ മദ്യം നിർമാണ ശാല സ്ഥാപിക്കാനുളള തീരുമാനത്തെ ശക്തമായി എതിർക്കാൻ തീരുമാനിച്ചത്.
വികസനത്തെ എതിർക്കുന്നില്ലെങ്കിലും ജല ചൂഷണം നടത്തുന്ന വ്യവസായത്തെ അനുകൂലിക്കാനാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐ പദ്ധതിയെ എതിർക്കുന്ന സമീപനം സ്വീകരിക്കുന്നതിലേക്ക് എത്തിയത്.
ജല ഉപയോഗം കൂടുതലുളള പദ്ധതിക്ക് നൽകിയ പ്രാരംഭാനുമതി റദ്ദാക്കണമെന്ന പാലക്കാട് ജില്ലാ എക്സിക്യൂട്ടിവ് തീരുമാനത്തിന് പൂർണ പിന്തുണ നൽകികൊണ്ടാണ് സി.പി.ഐ സംസ്ഥാന നേതൃത്വം ഈ നിലപാടിലേക്ക് വന്നത്.
മദ്യനിർമാണശാലയുടെ കാര്യത്തിൽ പാർട്ടി സ്വീകരിച്ചിരിക്കുന്ന പുതിയ സമീപനം മുന്നണി നേതൃത്വത്തെ അറിയിക്കാനും സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചു.
ഇതിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാരിലെ പ്രധാനിയായ കെ.രാജനെയും ചുമതലപ്പെടുത്തി.
നേരത്തെ പദ്ധതിക്ക് അനുമതി നൽകുന്നത് പാർട്ടി നേതൃത്വത്തിന്റെയും മുന്നണി നേതൃത്വത്തിന്റെയും മുന്നിലെത്തിയപ്പോൾ അതിന്റെ ഗൗരവം ഉൾക്കൊണ്ട് നിലപാട് എടുക്കുന്നതിൽ വീഴ്ച വന്നതായും സി.പി.ഐ എക്സിക്യൂട്ടിവ് വിലയിരുത്തി.
ഡിസ്റ്റിലറിയും ബോട്ടിലിങ്ങ് പ്ലാന്റും ബ്രുവറിയും അടക്കമുളള വൻകിട മദ്യശാലയ്ക്കാണ് അനുമതി നൽകാൻ പോകുന്നതെന്ന് മന്ത്രിമാർ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചിരുന്നു.
പദ്ധതിയെ പിന്തുണക്കുന്നതിൽ നയപരമായ വിലക്കുണ്ടോ എന്നും മന്ത്രിമാർ ബിനോയ് വിശ്വത്തോട് ചോദിച്ചിരുന്നു.
നയപരമായ പ്രശ്നമൊന്നുമില്ല എന്ന് ബിനോയ് വിശ്വം മറുപടി നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ പദ്ധതിയെ പിന്തുണച്ചതെന്ന് മന്ത്രിമാർ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിനെ അറിയിച്ചു.
തുടർന്നാണ് വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഇടപെടുന്നതിൽ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന് യോഗം വിലയിരുത്തിയത്.
പാർട്ടിയെ അതിന്റെ പ്രഖ്യാപിത നയങ്ങൾക്കും നിലപാടുകൾക്കും അനുസൃതമായി നയിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കുന്നതിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് വന്ന പിഴവായാണ് സംഭവത്തെ പാർട്ടി നേതൃത്വം കാണുന്നത്.
അഴിമതി ആരോപണം ഉയർത്തി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാട് എടുത്തതിന് പിന്നാലെയാണ് ഇടത് മുന്നണിയിലെ രണ്ടാമനായ സി.പി.ഐയും മദ്യനിർമാണശാലക്ക് എതിരായ സമീപനം സ്വീകരിച്ചത്.
കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷത്തിന് ഒപ്പം സി.പി.ഐകൂടി പദ്ധതിക്കെതിരായ സമീപനത്തിലേക്ക് വരുന്നതോടെ മദ്യഫാക്ടറിക്ക് വേണ്ടി വാദം ഉയർത്തുന്ന സി.പി.എം പ്രതിരോധത്തിലേക്ക് പോകും.
ഭരണമുന്നണിയിൽ നിന്നുളള എതിർപ്പ് അവഗണിച്ച് മുന്നോട്ട് പോകാനുളള രാഷ്ട്രീയാന്തരീക്ഷം ഇല്ലാത്തത് കൊണ്ട് സി.പി.ഐയുടെ എതിർപ്പോടെ പദ്ധതിയുടെ കൂമ്പടയാനാണ് സാധ്യത.