ആൻഡ്രോയ്‍ഡിൽ 21 രൂപ, ഐഫോണിൽ 107; ഇതെന്തൊരു കൊള്ള, സ്ക്രീൻഷോട്ടുമായി യുവതി

ആൻഡ്രോയ്‍ഡ്, ഐഫോൺ ഉപഭോക്താക്കളിൽ നിന്നും പല സേവനങ്ങളും വ്യത്യസ്തമായ വിലയാണ് ഈടാക്കുന്നത് എന്നൊരു പരാതി കുറേ നാളുകൾക്ക് മുമ്പ് തന്നെ ഉയരുന്നുണ്ട്. ഇപ്പോഴിതാ, സെപ്റ്റോ ഐഫോൺ ഉപഭോക്താക്കളിൽ നിന്നും കൂടുതൽ തുക ഈടാക്കുന്നു എന്നൊരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. 

ബെം​ഗളൂരുവിൽ നിന്നുള്ള ഹോഴ്സ് പവർ സഹസ്ഥാപക വിനിതാ സിങ് ആണ് ഇതുമായി ബന്ധപ്പെട്ടുണ്ടായ തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് ഫോണുകളിലും ബുക്ക് ചെയ്യുമ്പോഴുണ്ടാകുന്ന വില വ്യത്യാസം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടും ഇവർ പങ്കിട്ടിട്ടുണ്ട്. 

ഒരേ സ്ഥലത്ത് നിന്നും ഒരേ സമയത്താണ് താൻ സാധനങ്ങൾ ഓർഡർ ചെയ്തത് എന്നും ഇവർ വ്യക്തമാക്കുന്നു. ശനിയാഴ്ച ലിങ്ക്ഡ്ഇന്നിലാണ് വിനിത തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. സെപ്റ്റോ ആപ്പിൽ ഓർഡർ ചെയ്യുമ്പോൾ കാണിക്കുന്ന വിലയുടെ സ്ക്രീൻഷോട്ടും അവർ പങ്കുവച്ചിട്ടുണ്ട്. പിന്നീട് എക്സിലും ഈ സ്ക്രീൻഷോട്ടുകൾ വൈറലായി.

ആദ്യത്തെ സ്ക്രീൻഷോട്ട് എടുത്തിരിക്കുന്നത് ഒരു ആൻഡ്രോയ്ഡ് ഫോണിൽ നിന്നാണ്. അതിൽ സെപ്റ്റോ ആപ്പിൽ അരക്കിലോ കാപ്സിക്കത്തിന് 21 രൂപയാണ് കാണിക്കുന്നത്. രണ്ടാമത്തെ സ്ക്രീൻഷോട്ട് ഐ ഫോണിൽ നിന്നുള്ളതാണ്. അതിൽ അതേ അളവ് കാപ്സിക്കത്തിന് കാണിക്കുന്നത് 107 രൂപയും ആണ്. 

സെപ്റ്റോ ഇതിന് എന്തെങ്കിലും വിശദീകരണമുണ്ടോ? ആദ്യത്തെത് ആൻഡ്രോയ്ഡ്, രണ്ടാമത്തേത് ഐഫോൺ എന്നാണ് സക്രീൻഷോട്ട് പങ്കിട്ടു കൊണ്ട് വിനിത സിങ് എഴുതിയിരിക്കുന്നത്. 

വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളും നൽകിയിട്ടുണ്ട്. സമാനമായ അവസ്ഥയുണ്ട് എന്ന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഓലയിലും ഊബറിലും എല്ലാം ഇതേ അവസ്ഥയുണ്ട് എന്നും നിരവധിപ്പേർ പോസ്റ്റിന് കമന്റായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin