ബാങ്കുകളുടെ വായ്പ കെണി; ലോൺ എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

വായ്പ ലഭിക്കുന്നതിനായി ബാങ്കുകളുടേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടേയും പുറകെ നടക്കേണ്ടി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഗതി നേരെ മറിച്ചാണ്. വായ്പ തരാമെന്ന് പറഞ്ഞ് ധനകാര്യ സ്ഥാപനങ്ങളുടെ ഫോണ്‍ കോള്‍ ലഭിക്കാത്ത ആളുകളുടെ എണ്ണം കുറവായിരിക്കും. ആകര്‍ഷകമായ പലിശയും മറ്റ് വമ്പന്‍ ഓഫറുകളുമായിരിക്കും വായ്പ തരുന്ന സ്ഥാപനത്തിന്‍റെ ഓഫറുകള്‍. വായ്പാ ദാതാവിന് നല്‍കിയ വായ്പ എങ്ങനെ തിരിച്ചടപ്പിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കും. എന്നാല്‍ വായ്പ എടുക്കുന്ന ആള്‍ ഒരു പക്ഷെ ഇഎംഐ തനിക്ക് അടയ്ക്കാന്‍ ശേഷിയുണ്ടോ എന്ന് പോലും നോക്കാതെ വായ്പ എടുക്കും. വായ്പയെടുക്കുന്ന വ്യക്തിയുടെ സാമ്പത്തികഭദ്രത തന്നെ തകര്‍ക്കുന്ന രീതിയിലായിരിക്കും പിന്നീട് ആ വായ്പയിലൂടെ സംഭവിക്കുക.

വായ്പ എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട രണ്ട് കാര്യങ്ങള്‍

1.കടമെടുത്ത തുകയേക്കാള്‍ വളരെ കൂടുതലായിരിക്കും തിരിച്ചടയ്ക്കേണ്ട തുക. കാരണം വായ്പകള്‍ക്ക് പലിശയുണ്ട്. ഇതിന് പുറമേ മറ്റു പേപ്പര്‍ വര്‍ക്കുകള്‍ക്കുളള പണവും അടയ്ക്കണം

2.വായ്പാദാതാവ് പലിശ മുന്‍കൂറായി തിരിച്ചുപിടിക്കും, അതായത് ആദ്യം അടയ്ക്കുന്ന ഇഎംഐയെല്ലാം പലിശയിലേക്ക് പോകും. പലിശ മുഴുവന്‍ തീര്‍ത്ത ശേഷമാണ് വായ്പാതുകയിലേക്കുള്ള ഇഎംഐ ഈടാക്കുക.

കടം വാങ്ങുന്നവര്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍

1. എത്ര തുക ഇഎംഐ ആയി അടയ്ക്കാന്‍ സാധിക്കും എന്നത് പരിശോധിച്ചിട്ട് മാത്രമേ വായ്പ എടുക്കാവൂ. അല്ലെങ്കില്‍ വായ്പയെടുത്ത വ്യക്തിയുടെ സാമ്പത്തിക നില അവതാളത്തിലാകും.

2. ആഡംബര ജീവിതത്തിനായി വായ്പ എടുക്കുന്നത് ഒഴിവാക്കണം

3. വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയില്ലെങ്കില്‍ അത് ചെലവേറിയത് മാത്രമല്ല, കടം വാങ്ങുന്നവര്‍ക്കും കടം കൊടുക്കുന്നവര്‍ക്കും അപകടസാധ്യതയുള്ളതുമാണ്. വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡ് വായ്പകളും ഈ വിഭാഗത്തില്‍ പെടുന്നു.

വായ്പയെടുക്കുന്നത് തെറ്റാണോ?

അല്ലേയല്ല , എന്ന് മാത്രമല്ല, പലര്‍ക്കും ഭവന വായ്പ ഇല്ലെങ്കില്‍ സ്വന്തമായി വീട് പണിയാന്‍ പോലും സാധിക്കില്ല. നമ്മുടെ വീടുകളിലെ പല ഉപകരണങ്ങളും വാഹനവുമെല്ലാം വായ്പ വഴി വാങ്ങിയതാകാം. വായ്പ എടുത്ത ശേഷം താങ്ങാനാവുന്നതിലപ്പുറം അത് തിരിച്ചടയ്ക്കാനായി ചെലവഴിക്കുക എന്ന അവസ്ഥയിലെത്തുമ്പോഴാണ് വായ്പ അപകടകരമായി മാറുന്നത്. വായ്പ ആരും സൗജന്യമായി തരില്ലെന്നും ഓര്‍ക്കുക. 

By admin

You missed