ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ സഞ്ജുവിനെ ഒഴിവാക്കുമോ? ടീമില്‍ മാറ്റമുണ്ടായേക്കും, സാധ്യത ഇലവന്‍
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര സ്വന്തമാക്കാന്‍ ചൊവ്വാഴ്ച്ച രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. ചെന്നൈയില്‍ അവസാനിച്ച രണ്ടാം ടി20യില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 55 പന്തില്‍ 72 റണ്‍സുമായി പുറത്താവാതെ നിന്ന് തിലക് വര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
മൂന്നാം ടി20യ്ക്കുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മോശം ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ കാര്യമാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്. ചെന്നൈയില്‍ അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. സൂര്യ 12 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ആദ്യ ടി20യില്‍ സൂര്യ പൂജ്യത്തിന് പുറത്തായിരുന്നു. സഞ്ജു 26 റണ്‍സുമായി മടങ്ങി. ഇംഗ്ലീഷ് പേസര്‍മാരുടെ അതിവേഗമാണ് സഞ്ജുവിനെ പ്രതിരോധത്തിലാക്കുന്നത്. സഞ്ജു ഫോം ഔട്ടാണെങ്കിലും മൂന്നാം ടി20യിലും തുടരും.
ബാറ്റിംഗ് നിരയില്‍ ഒരു മാറ്റത്തിന് സാധ്യതയില്ല. ഓപ്പണര്‍മാര്‍ അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണറായി തന്നെ കളിക്കും. മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ അല്ലെങ്കില്‍ തിലക് വര്‍മ. സാഹചര്യത്തിനനുസരിച്ച് ഇരുവരുടേയും സ്ഥാനം മാറികൊണ്ടിരിക്കും. അഞ്ചാമനായി ഹാര്‍ദിക് പാണ്ഡ്യ. ചെന്നൈയില്‍ കളിച്ച ധ്രുവ് ജുറല്‍ രാജ്‌കോട്ടില്‍ കളിക്കാന്‍ സാധ്യത കുറവാണ്. ചെന്നൈയില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പകരം ശിവം ദുബെ കളിച്ചേക്കും. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരമാണ് ദുബെ ടീമിലെത്തിയത്. മീഡിയം പേസറായും താരത്തെ ഉപയോഗിക്കാം. തുടര്‍ന്ന് വാഷിംഗ്ടണ്‍ സുന്ദറും അക്‌സര്‍ പട്ടേലും. പേസറായി അര്‍ഷ്ദീപ് സിംഗ്. മുഹമ്മദ് ഷമിയുടെ കാത്തിരിപ്പ് നീളും. മറ്റു സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌ണോയിയും.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്.
ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, രമണ്‍ദീപ് സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).