‘അവന്‍റെ ആ ബലഹീനത ഇപ്പോഴാണ് ചര്‍ച്ചയാവുന്നത്’, സഞ്ജു സാംസണെക്കുറിച്ച് ആകാശ് ചോപ്ര

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ 20 പന്തിൽ 26 റൺസെടുത്ത് പുറത്തായ സഞ്ജു ഇന്നലെ ചെന്നൈയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായിരുന്നു.

കൊല്‍ക്കത്തയില്‍ ഇംഗ്ലീഷ് പേസര്‍ ഗുസ് അറ്റ്കിന്‍സണിന്‍റെ ഒരോവറില്‍ 22 റണ്‍സടിച്ച് കരുത്തു കാട്ടിയെങ്കിലും ജോഫ്ര ആര്‍ച്ചറുടെയും മാര്‍ക്ക് വുഡിന്‍റെയും 150 കിലോ മീറ്റര്‍ വേഗതയുള്ള പന്തുകള്‍ക്ക് മുന്നില്‍ സ‍ഞ്ജു പതറി. ചെന്നൈയിലും ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് മികച്ച പേസും ബൗണ്‍സും ലഭിച്ചതോടെ തുടക്കത്തിലെ തകര്‍ത്തടിക്കാന്‍ ബുദ്ധിമുട്ടിയ സഞ്ജു ഒടുവില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ പുറത്തായി. കൊല്‍ക്കത്തയിലും ആര്‍ച്ചര്‍ തന്നെയായിരുന്നു സഞ്ജുവിനെ വീഴ്ത്തിയത്.

ടി20 ചരിത്രത്തിലാദ്യം; ദക്ഷിണാഫ്രിക്കൻ ടി20 ലീഗില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് പാള്‍ റോയല്‍സ്

140 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിഞ്ഞ ഇംഗ്ലീഷ് പേസര്‍മാരുടെ എക്സ്പ്രസ് പേസിന് മുന്നില്‍ സഞ്ജു പതറിയത് ഇപ്പോൾ വലിയ ചര്‍ച്ചയാണെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. ചെന്നൈയില്‍ സഞ്ജുവിനൊപ്പം മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മക്കും തിളങ്ങാനായില്ല. പക്ഷെ ആദ്യ കളിയില്‍ അഭിഷേക് റണ്ണടിച്ചതിനാല്‍ അവനെക്കുറിച്ച് അധിക ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. എന്നാല്‍ 140 കിലോ മീറ്ററിലേറെ വേഗത്തിലെത്തുന്ന പന്തുകള്‍ക്ക് മുന്നില്‍ സഞ്ജുവിന്‍റെ പ്രകടനം രണ്ട് കളികളിലും ശരാശരി മാത്രമായിരുന്നു. റണ്‍സടിക്കാന്‍ പാടുപെട്ടുവെന്ന് മാത്രമല്ല ഔട്ടാവുകയും ചെയ്തു.

രണ്ട് കളികളിലും സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് ഒട്ടും മികച്ചതായിരുന്നില്ല. പേസര്‍മാരെ നേരിടുമ്പോള്‍ ക്രീസിനുള്ളിലേക്ക് കയറി സ്ക്വയര്‍ ലെഗ്ഗിലേക്ക് കളിക്കാനാണ് സ‍ഞ്ജു ശ്രമിക്കുന്നത്. സ്ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡറെ നിര്‍ത്തി ബൗണ്‍സറുകളെറിഞ്ഞാണ് ഇംഗ്ലീഷ് പേസര്‍മാര്‍ ഇതിനെ നേരിട്ടത്. രണ്ട് മത്സരങ്ങളിലും ബൗണ്ടറിയില്‍ ക്യാച്ച് നല്‍കി സഞ്ജു പുറത്താവുകയും ചെയ്തു. ഇതാണിപ്പോള്‍ പ്രധാന ചര്‍ച്ചയെന്നും ആകാശ് ചോപ്ര പറഞ്ഞു.

ജയത്തെക്കുറിച്ച് ചിന്തിക്കാനാവില്ല, സമനിലപോലും അകലെ, മധ്യപ്രദേശിനെതിരെ തകര്‍ന്നടിഞ്ഞ് കേരളം

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് അവന്‍ അഞ്ച് കളികളില്‍ മൂന്ന് സെഞ്ചുറി നേടിയിരുന്നു. രണ്ട് തവണ പൂജ്യത്തിനും പുറത്തായി. സെഞ്ചുറികളടിക്കുന്നതും ഡക്കാവുന്നതുമൊന്നുമല്ല പ്രശ്നം. എന്നാല്‍ മികച്ച പേസര്‍മാര്‍ക്കെതിരെ ഇപ്പോൾ കളിക്കുന്നതുപോലെ കളിച്ചാല്‍ പ്രശ്നമാകാനിടയുണ്ട്. ഗുസ് അറ്റ്കിന്‍സണിന്‍റെ ഓവറില്‍ 22 റണ്‍സടിച്ചതല്ലാതെ വലിയ രീതിയില്‍ റണ്‍സടിക്കാന്‍ സഞ്ജുവിന് ഈ പരമ്പരയില്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിവേഗ പേസർമാരെയും ബൗണ്‍സറുകളെയും നേരിടുന്നത് സഞ്ജുവിന് പ്രശ്നമാണെന്ന് വ്യക്തമാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ജോഫ്ര ആര്‍ച്ചറുടെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് സഞ്ജു കൊല്‍ക്കത്തയിലും ചെന്നൈയിലും പുറത്തായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin