സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ‘ഏഴു കടല്‍ ഏഴു മലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സൂരിയും നിവിൻ പോളിയും നിറഞ്ഞാടിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതും. ഇപ്പോഴിതാ യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഏഴു കടല്‍ ഏഴു മലൈ ട്രെയിലർ. വെറും പതിനാല് മണിക്കൂർ കൊണ്ടാണ് ട്രെയിലർ ട്രെന്റിങ്ങിൽ ഇടംപിടിച്ചിരിക്കുന്നത്.
ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സൂര്യയേയും നിവിൻ പോളിയേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. നിവിൻ വൻ തിരിച്ചുവരവായിരിക്കും ചിത്രമെന്നും സൂരി വീണ്ടും അഭിനയത്തിൽ ഞെട്ടിക്കുകയാണെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. റാം- യുവൻ കോമ്പോയെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
ചിത്രത്തിൽ വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ് നിവിൻ പോളി എത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, അതുപോലെ മമ്മൂട്ടി നായകനായ പേരന്‍പ് എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ തമിഴ് സംവിധായകൻ റാമാണ് ഏഴു കടല്‍ ഏഴു മലൈ ഒരുക്കിയിരിക്കുന്നത്. അഞ്ജലി നായികാ വേഷത്തിൽ എത്തുന്ന ചിത്രം 2025 മാർച്ചിൽ തിയറ്ററുകളിൽ എത്തും.
പ്രിയപ്പെട്ട റാവുത്തർക്ക് ‘സാമി’യുടെ യാത്രാമൊഴി; വിജയ രംഗരാജുവിന് ആദരാഞ്ജലിയുമായി മോഹൻലാൽ
യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എൻ കെ ഏകാംബരം, എഡിറ്റ് ചെയ്തത് മദി വി എസ് എന്നിവരാണ്. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെ വസ്ത്രാലങ്കാരം നിർവഹിച്ചപ്പോൾ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് ആണ് ഇതിന്റെ മേക്കപ്പ് നിർവഹിച്ചത്. സ്റ്റണ്ട് സിൽവയാണ് ഇതിനു വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത് സാൻഡിയാണ്.
2024 മെയ് മാസത്തിൽ നെതർലണ്ടിൽ വെച്ച് നടന്ന റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആയിരുന്നു ഈ ചിത്രത്തിന്റെ പ്രീമിയർ നടന്നത്. ശേഷം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.