തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഗ്രീഷ്മയ്ക്ക് ജയിലിൽ ലഭിച്ചത് ഒന്നാം നമ്പർ.
2025ലെ ആദ്യത്തെ വനിതാ ജയിൽ പുള്ളിയായതിനാലാണ് 1/2025 എന്ന നമ്പർ നൽകിയിരിക്കുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഇനി ഗ്രീഷ്മ കഴിയുക.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 14-ാം ബ്ലോക്കിൽ മറ്റ് രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ഗ്രീഷ്മയെ താമസിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ജയിലിലെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി. വിചാരണക്കാലത്തും ഗ്രീഷ്മ ഇതേജയിലിൽ തന്നെയായിരുന്നു. എന്നാൽ സഹതടവുകാരികളുടെ പരാതിയെത്തുടർന്ന് 2025 സെപ്റ്റംബറിൽ മാവേലിക്കര വനിതാ സ്‌പെഷ്യൽ ജയിലിലേക്കു മാറ്റികയായിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായാണ് ഗ്രീഷ്മ.
കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തിയിട്ടുണ്ടെന്നും പ്രതിയുടെ പ്രായം കണക്കിലെടുക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു.
ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നുള്ള പ്രധാന വിവരങ്ങൾ കുറ്റപത്രത്തിലുണ്ട്.
ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാൻ ഗ്രീഷ്മ നിർബന്ധിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
കൊലപാതകം വിവിധ ഘട്ടം ഘട്ടമായിട്ട് ഗ്രീഷ്മ നടപ്പാക്കുകയായിരുന്നു. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിനു ശേഷവും ഗ്രീഷ്മ ഷാരോണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് തെളിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു.