ഗാസ: ഗാസയിലെ 15 മാസത്തെ യുദ്ധം അവസാനിപ്പിച്ച വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം തന്നെ ഇസ്രായേല്‍ 90 പലസ്തീന്‍ തടവുകാരെ വിട്ടയച്ചു. ഞായറാഴ്ച ഹമാസ് മൂന്ന് ഇസ്രായേലി ബന്ദികളെയും വിട്ടയച്ചു.
630-ലധികം മാനുഷിക സഹായ ട്രക്കുകള്‍ ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതില്‍ 300 ട്രക്കുകള്‍ യുദ്ധസമയത്ത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായ വടക്കന്‍ പ്രദേശത്താണെന്നും യുഎന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു
ഹമാസ് മോചിപ്പിച്ച് ഇസ്രായേലിന് കൈമാറിയ മൂന്ന് ഇസ്രായേലി ബന്ദികള്‍ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചു.
അതേസമയം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം പലസ്തീനികള്‍ തങ്ങളുടെ വീടുകളിലേക്ക് തിരികെ സന്തോഷത്തോടെ മടങ്ങി.
മൂന്ന് മണിക്കൂര്‍ വൈകിയതിന് ശേഷം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടമായിരുന്നു ഇത്. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക നല്‍കാന്‍ ഹമാസ് വൈകിയതിന് ഇസ്രായേല്‍ അവരെ കുറ്റപ്പെടുത്തിയിരുന്നു
ഈ കാലതാമസത്തിനിടയില്‍, ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഗാസയില്‍ ആക്രമണം നടത്തി 13 പേരെ കൊലപ്പെടുത്തിയതായി പലസ്തീന്‍ ആരോഗ്യ അധികൃതര്‍ പറഞ്ഞു.