ന്യൂയോര്‍ക്ക്: നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അമേരിക്കയില്‍ ടിക് ടോക്ക് പ്രവര്‍ത്തനരഹിതമായി.രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് യുഎസില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ടിക് ടോക്ക് പ്രവര്‍ത്തനരഹിതമായി.
ടിക് ടോക്ക് തുറക്കാന്‍ ശ്രമിക്കുന്ന യുഎസ് ഉപയോക്താക്കള്‍ക്കായി പ്രത്യക്ഷപ്പെടുന്ന ഒരു സന്ദേശത്തില്‍ ടിക് ടോക്ക് നിരോധന നിയമം നടപ്പാക്കിയിട്ടുണ്ടെന്നും അതിനാല്‍ ‘നിങ്ങള്‍ക്ക് ഇപ്പോള്‍ ടിക് ടോക്ക് ഉപയോഗിക്കാന്‍ കഴിയില്ല’ എന്നാണ് പറയുന്നത്.
അധികാരമേറ്റതിനുശേഷം ടിക് ടോക്കിനെ പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പരിഹാരത്തിനായി പ്രസിഡന്റ് ട്രംപ് ഞങ്ങളുമായി പ്രവര്‍ത്തിക്കുമെന്ന് സൂചിപ്പിച്ചതിലുള്ള സന്തോഷവും ഇതോടൊപ്പം കമ്പനി ഉപഭോക്താക്കളുമായി പങ്കുവെച്ചു.
നിരോധനം നടപ്പാക്കില്ലെന്ന് സ്ഥാനമൊഴിയുന്ന ബൈഡന്‍ ഭരണകൂടം ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം മുന്നറിയിപ്പ് നല്‍കിയിരുന്നു.
തിങ്കളാഴ്ച അധികാരമേറ്റതിനുശേഷം ടിക് ടോക്കിന് 90 ദിവസത്തെ നിരോധനത്തില്‍ നിന്ന് ഇളവ് നല്‍കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.