അമേരിക്കയില്‍ ടിക്‌ടോക് അപ്രത്യക്ഷം; ചൈനീസ് കമ്പനിയുടെ രക്ഷകനാകുമോ ട്രംപ്?

വാഷിംഗ്‌ടണ്‍: ഞായറാഴ്ച സമ്പൂര്‍ണ നിരോധനം വരാനിരിക്കേ അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് ഉപഭോക്താക്കള്‍ക്ക് ലഭിക്കാതായി. ശനിയാഴ്‌ച രാത്രിയോടെ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ഗൂഗിളിന്‍റെ പ്ലേസ്റ്റോറിലും നിന്ന് ടിക്‌ടോക് ആപ്പ് അപ്രത്യക്ഷമാവുകയും ചെയ്തതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡൊണള്‍ഡ് ട്രംപ് തിങ്കളാഴ്‌ച അധികാരത്തിലേറുന്നതോടെ ടിക്‌ടോകിന് 90 ദിവസത്തേക്ക് ആശ്വാസം ലഭിക്കാനിടയുണ്ട്. യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റാല്‍ നിരോധനം നടപ്പാക്കുന്നതിന് 90 ദിവസത്തെ ഇളവ് താന്‍ നല്‍കുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. 

ചൈനീസ് കമ്പനിയായ ബൈറ്റ്‌ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ടിക്‌ടോക്. അമേരിക്കയില്‍ 17 കോടി ഉപഭോക്താക്കള്‍ ഈ ഫോട്ടോ, വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനുണ്ട്. 2018ലായിരുന്നു അമേരിക്കന്‍ വിപണിയിലേക്ക് ടിക്‌ടോക്കിന്‍റെ രംഗപ്രവേശം. 

Read more: അമേരിക്കയിൽ ടിക് ടോക്കിന്റെ ഭാവിയെന്ത്? ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഷൗ സി ച്യൂ

ടിക്ടോക്കിന് അമേരിക്കയില്‍ നിരോധനം നിലവില്‍ വന്നതായുള്ള സന്ദേശമാണ് ശനിയാഴ്‌ച ആപ്പ് തുറന്നവര്‍ക്ക് ലഭിച്ചത്. ടിക്ടോകിന് യുഎസില്‍ നിരോധനം വന്നു. നിര്‍ഭാഗ്യവശാല്‍ ആപ്പ് ഇപ്പോള്‍ ഉപയോഗിക്കാനാവില്ല. ‘സ്ഥാനമേറ്റയുടന്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട് എന്നുമാണ്’ ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നത്. ടിക്‌ടോക്കിന് പുറമെ ബൈറ്റ് ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള കാപ്‌കട്ട്, ലെമണ്‍8 എന്നിവയും അമേരിക്കയില്‍ ശനിയാഴ്‌ച രാത്രിയോടെ ലഭ്യമല്ലാതായിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകളും ആപ്പ് സ്റ്റോറുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. 

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ടിക്‌ടോക്കിനെ നിരോധിക്കുന്നത്. ടിക്‌ടോക്കിനെ നിരോധിക്കാന്‍ 2024ല്‍ യുഎസ് കോണ്‍ഗ്രസ് എടുത്ത തീരുമാനം വെള്ളിയാഴ്‌ച സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഇതോടെയാണ് ചൈനീസ് ആസ്ഥാനമായുള്ള ടിക്ടോക്കിന്‍റെ യുഎസിലെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായത്. അതേസമയം ടിക്‌ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് എക്സ് ഉടമയും ട്രംപിന്‍റെ വിശ്വസ്തനുമായ ഇലോണ്‍ മസ്‌ക് വാങ്ങുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ടിക്ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് സ്വന്തമാക്കാന്‍ മറ്റ് ചില യുഎസ് കമ്പനികളും ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ വാദം സുപ്രീം കോടതിയും തള്ളിയതോടെ നിരോധനം മറികടക്കാന്‍ ടിക്‌ടോക്കിന് മുന്നിലുള്ള ഏക വഴിയാണ് യുഎസിലെ പ്രവര്‍ത്തനം ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുക എന്നത്. 

Read more: ടിക്ടോക് മസ്ക് വാങ്ങുമോ? ആകാംക്ഷയുടെ മണിക്കൂറുകള്‍, മുടക്കേണ്ടത് മൂന്നര ലക്ഷം കോടിയെങ്കിലും!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin