10796 ചതുരശ്ര മീറ്ററിൽ ഒന്ന്, മറ്റൊന്ന് 10221; 13 നിലകളിൽ തുരുത്തിയിൽ പൂര്‍ത്തിയായത് 394 കുടുംങ്ങളുടെ സ്വപ്നം
കൊച്ചി: 394 കുടുംബങ്ങളുടെ സ്വപ്നം ഇനി വൈകാതെ യാതാര്‍ത്ഥ്യത്തിലേക്ക്. ഭൂരഹിതരും ഭവന രഹിതരുമായ 394 കുടുംബങ്ങള്‍ക്കായി റേ പദ്ധതിയിൽ (രാജീവ് ആവാസ് യോജന പദ്ധതി) ഒരുങ്ങുന്ന ഫ്ലാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കൊച്ചി നഗരസഭയുടെ 2-ാം ഡിവിഷനായ കല്‍വത്തിയിലെ, കല്‍വത്തി, കോഞ്ചേരി, തുരുത്തി കോളനി നിവാസികളുടെ പുനരധിവാസം നടപ്പിലാക്കാനായി ആവിഷ്ക്കരിച്ചതാണ് ഈ പദ്ധതി. തുരുത്തിയില്‍ 2 ഫ്ളാറ്റ് സമുച്ചയങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യത്തെ സമുച്ചയം നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയും, രണ്ടാമത്തെ സമുച്ചയം സി.എസ്.എം.എല്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തി നഗരസഭയ്ക്ക് വേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡുമാണ് നിര്‍മ്മിച്ചത്.
10796.42 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍, നഗരസഭ നിര്‍മ്മിച്ച ഒന്നാമത്തെ ടവറിൻ്റെ നിർമ്മാണ ചെലവ് 41.74 കോടി രൂപയാണ്. 11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര മീറ്റര്‍ വീതമുള്ള 199 യൂണീറ്റുകളാണ് ഉള്ളത്. ഓരോ യൂണീറ്റിലും ഡൈനിംഗ്/ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, 2 ടോയ്ലെറ്റുകള്‍ എന്നിവയാണുള്ളത്. 81 പാര്‍ക്കിംഗ് സ്ലോട്ടുകള്‍, 105 കെ.എല്‍.ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, 3 എലവേറ്ററുകള്‍, 3 സ്റ്റെയര്‍കേസുകള്‍ എന്നിവയുമുണ്ട്. ഒന്നാം നിലയിൽ 150 ചതുരശ്ര മീറ്ററും 11-ാം നിലയില്‍ 800 ചതുരശ്ര മീറ്ററും വീതവുമുള്ള കോമണ്‍ ഏരിയകൾ ഉണ്ട്. ഫ്ളാറ്റ് സമുച്ചയത്തിന് താഴെ ഒരു അംഗനവാടിയും 14 കടമുറികളും ഉണ്ട്. രണ്ട് സമുച്ചയങ്ങളിലും ലിഫ്റ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് 44.01 കോടി രൂപ ചെലവഴിച്ച് ഒരുക്കുന്ന രണ്ടാമത്തെ ടവറിന്റെയും നിർമ്മാണം പൂര്‍ത്തിയായി. ഒരു പൊതുമുറ്റത്തിന് ചുറ്റുമായി 13 നിലകളില്‍, ആകെ 195 പാര്‍പ്പിട യൂണീറ്റുകളാണ് ഇതിൽ ഉള്ളത്. ഓരോ നിലയിലും 15 യൂണീറ്റുകള്‍ വീതമുണ്ട്. താഴത്തെ നിലയില്‍ 18 കടമുറികളും, പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. മൂന്ന് ലിഫ്റ്റുകളും കോവണിപ്പടികളുമുള്ള ടവര്‍ 10221 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇത് പണിതിരിക്കുന്നത്. ഓരോ പാർപ്പിട യൂണിറ്റുകൾക്കും, 350 അടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ടവറിന്‍റെ റൂഫ് ടോപ്പില്‍ കോമണ്‍ ഏരിയയില്‍ സോളര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്. 68 കാറുകളും, 17 ബൈക്കുകളും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
രണ്ട് സമുച്ചയങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും, സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം മാര്‍ച്ച് മാസത്തിൽ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് നഗരസഭ അറിയിച്ചു. ഒന്നാമത്തെ ടവറിൽ 105 കെ.എല്‍.ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്മെന്‍റ് പ്ലാൻ്റും, രണ്ടാം ടവറിൽ 100 കെ.എല്‍.ഡി ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും, 300 കിലോഗ്രാം മാലിന്യ ശേഖരണ സംവിധാനമുള്ള പ്ലാൻ്റുമുണ്ടാകും.