തിരുവനന്തപുരം: നടപ്പു വർഷത്തെ മദ്യനയം പ്രഖ്യാപിക്കാതെ, സ്വകാര്യ കമ്പനിയായ ഒയാസിസ് കൊമേഴ്സ്യലിന് ബ്രുവറി-ഡിസ്റ്റിലറി അനുവദിച്ച സർക്കാർ തീരുമാനം നിയമസഭാ സമ്മേളനത്തിൽ കത്തിക്കാളുന്ന വിഷയമായി മാറും.
ചൊവ്വാഴ്ച ഈ വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാവും വിഷയം സഭയുടെ പരിഗണനയിൽ കൊണ്ടുവരിക.
2018ൽ ബ്രുവറി, ഡിസ്റ്റിലറി അനുവദിച്ചപ്പോൾ അഴിമതിയാരോപണം ഉന്നയിച്ചതും കോടതിയെ സമീപിച്ചതും ചെന്നിത്തലയായിരുന്നു. ഇതേത്തുടർന്ന് അന്ന് ആ ഉത്തരവ് സർക്കാരിന് റദ്ദാക്കേണ്ടി വന്നു.
പാലക്കാട് കഞ്ചിക്കോട്ട് ബിയർ നിർമ്മാണത്തിനുള്ള ബ്രുവറി, മദ്യനിർമ്മാണത്തിനുള്ള അനുമതി ഒയാസിസ് കമ്പനിക്ക് നൽകിയത് വൻ അഴിമതിയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു കഴിഞ്ഞു.
എത്ര കോടി കിട്ടിയെന്ന് പറഞ്ഞാൽ മതിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചത്.
അതിനിടെ ബ്രുവറി, ഡിസ്റ്റിലറി അനുവദിച്ചുള്ള സർക്കാർ ഉത്തരവ് അതിവേഗത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാനം കോടതിയിൽ ചോദ്യംചെയ്യപ്പെടാനുള്ള സാധ്യത മുന്നിൽകണ്ടാണ് ഉത്തരവ് വേഗത്തിൽ ഇറക്കിയത്.
കഞ്ചിക്കോട്ട് മദ്യനിർമ്മാണ ശാല തുടങ്ങാൻ സർക്കാർ അനുമതി നൽകിയ ഒയാസിസ് കമ്പനി ഉടമയാണ് ഡൽഹി മദ്യവിവാദ കേസിൽ അറസ്റ്റിലായതെന്ന സുപ്രധാന വിവരവും സതീശൻ പുറത്തുവിട്ടിട്ടുണ്ട്.
ഈ കമ്പനിയെ സർക്കാർ എങ്ങനെ ബ്രുവറി, ഡിസ്റ്റിലറി ആരംഭിക്കാൻ തിരഞ്ഞെടുത്തു എന്നതാണ് ദുരൂഹം. ബ്രുവറി ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ച് സർക്കാർ പത്രപരസ്യമോ വിജ്ഞാപനമോ ഇറക്കിയിട്ടില്ല. പിന്നെ എങ്ങനെ ഒയാസിസ് മാത്രം അപേക്ഷിച്ചു എന്നതാണ് സംശയകരം.
ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയും തുല്യഅവകാശവും ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാൽ നടപടിക്രമങ്ങൾ പാലിക്കാത്തത് സർക്കാരിന് തിരിച്ചടിയാവും.
ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഒയാസിസ് കമ്പനിക്ക് മദ്യനിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ അനുമതി നൽകിയത്.
കമ്പനിയെ എങ്ങനെയാണ് തെരഞ്ഞെടുത്തതെന്നും വ്യക്തമല്ല. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് മാത്രം അനുമതി നൽകിയതെന്ന ചോദ്യത്തിനും സർക്കാരിന് ഉത്തരമില്ല.
ഒരു കമ്പനി മാത്രമേ അപേക്ഷിച്ചിട്ടുള്ളൂവെന്ന് മന്ത്രി എം.ബി രാജേഷ് സമ്മതിച്ചിട്ടുണ്ട്. പ്രൊപ്പോസൽ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങൾ പ്രകാരമാണ് അനുമതി നൽകിയത്. ഇപ്പോൾ ഒരു കമ്പനിയാണ് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ളത്.
അവർക്ക് എല്ലാ പരിശോധനകളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള നിയമങ്ങളെല്ലാം പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്.
മറ്റാരെങ്കിലും പ്രൊപ്പോസൽ സമർപ്പിച്ചാൽ അതിനും ഇതേ നടപടിക്രമങ്ങൾ തന്നെയാകും പിൻതുടരുക. ഇപ്പോൾ പെട്രോളിയം കമ്പനികൾക്കും എഥനോൾ വലിയ തോതിൽ ആവശ്യമുണ്ട്. കേരളത്തിൽ തന്നെ ഉൽപ്പാദനം നടക്കുമ്പോൾ സംസ്ഥാനത്തിന് അത് പ്രയോജനകരമാകുകയും വരുമാനമുണ്ടാകുകയും ചെയ്യുമെന്നുമാണ് മന്ത്രി രാജേഷ് പറയുന്നത്.
കഞ്ചിക്കോട് പുതുതായി എഥനോൾ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്നും സർക്കാരിന്റെ മുൻപിൽ സമർപ്പിക്കപ്പെട്ട ഒരു ഇൻവെസ്റ്റ്മെന്റ് പ്രൊപ്പോസലിൽ നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറയുന്നത്.
ഇത് കാര്യങ്ങൾ കൂടുതൽ കുഴപ്പിക്കുന്നതാണ്. മന്ത്രിസഭാ യോഗം തീരുമാനിച്ചത് പാലക്കാട് കഞ്ചിക്കോട്ട് ബിയർ നിർമ്മാണത്തിനുള്ള ബ്രുവറി, മദ്യനിർമ്മാണത്തിനുള്ള ഡിസ്റ്റിലറി, വൈൻ നിർമ്മാണത്തിനുള്ള വൈനറി എന്നിവ അനുവദിക്കാനാണെന്നിരിക്കെയാണ് എഥനോളിന്റെ കാര്യം മാത്രം പറഞ്ഞുള്ള എം.ബി.രാജേഷിന്റെ പ്രതിരോധം.
26 വർഷമായി തുടരുന്ന നയത്തിന്റെ ഭാഗമായാണ് മദ്യ നിർമ്മാണ യൂണിറ്റുകൾക്ക് സംസ്ഥാനത്ത് അനുമതി നൽകാതിരുന്നത്.
ആ നയം മാറ്റി ആരും അറിയാതെ രഹസ്യമായാണ് ഒയാസിസ് കമ്പനിക്ക് മദ്യനിർമ്മാണത്തിന് അനുമതി നൽകിയിരിക്കുന്നതെന്നാണ് സർക്കാരിനെതിരായ ഏറ്റവും വലിയ ആരോപണം.
ഉപരിതല ജലവും ഭൂഗർഭജലവും മലിനപ്പെടുത്തിയതിന് പഞ്ചാബിൽ ഒയാസിസ് കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്.
കുപ്രസിദ്ധമായ കമ്പനിക്ക് അനുമതി നൽകാനുള്ള നടപടികളിൽ നിന്നും സർക്കാർ പിൻമാറണമെന്ന് പ്രതിപക്ഷം ആവശ്യമുയർത്തുകയാണ്.
നിലവിലെ മദ്യനയത്തിന്റെ 24-ാം ചട്ടപ്രകാരം എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉണ്ടാക്കാൻ അനുമതി നൽകുമെന്നാണ് പറയുന്നതെന്നും ഇപ്പോൾ നൽകിയത് ഇത് ഉണ്ടാക്കാനുള്ള അനുമതി മാത്രമല്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടുന്നു.
എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി പ്ലാന്റ്, വൈനറി പ്ലാന്റ് എന്നിവയ്‌ക്കൊക്കെ അനുമതി നൽകിയിരിക്കുകയാണ്.
മന്ത്രി രാജേഷ് പറയുന്നത് പച്ചക്കള്ളമാണ്. എന്തിനാണ് ടെൻഡർ, കൊടുത്താൽ പോരെ എന്നതാണ് മന്ത്രിയുടെ മറ്റൊരു ചോദ്യം. എല്ലാവർക്കും അനുമതി നൽകുമെങ്കിൽ അത് ശരിയാണ്.
മദ്യനയം മാറ്റി, ഇത്തരത്തിൽ അനുമതി നൽകുന്നുണ്ടെന്ന കാര്യം സമാനമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും കമ്പനി അറിഞ്ഞിട്ടുണ്ടോ ? മന്ത്രിയും ചില ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞുള്ള ഇടപാടാണ്.
ഒരു സുതാര്യതയുമില്ല. എലപ്പുള്ളി പഞ്ചായത്തിൽ ഈ മദ്യനിർമ്മാണ കമ്പനി 26 ഏക്കർ സ്ഥലം മതിൽകെട്ടി എടുത്തിട്ടുണ്ട്. പഞ്ചായത്തിനോടും നാട്ടുകാരോടും പറഞ്ഞത് കോളജ് തുടങ്ങാനെന്നാണ്.
മദ്യ നിർമ്മാണ യൂണിറ്റാണ് ഈ സർക്കാരിന്റെ കോളജ്. രണ്ടു വർഷം മുൻപ് എക്‌സൈസ് മന്ത്രിയും സർക്കാരും ഈ കമ്പനിയുമായി ഗൂഡാലോചന ആരംഭിച്ചതാണെന്നും സതീശൻ കുറ്റപ്പെടുത്തി.