ഇടുക്കി: കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയായ രാരിച്ചന്‍ നീറണാക്കുന്നേല്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 
ഇടതു മുന്നണിയിലെ ധാരണ അനുസരിച്ചാണ് രാരിച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ  ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമാണ്. വണ്ടന്‍മേട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു.
ജില്ലാ പഞ്ചായത്തിലെ പതിനാറാംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് 10 അംഗങ്ങളും യു.ഡി.എഫിന് ആറ് അംഗങ്ങളുമാണുള്ളത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ മത്സരിച്ച രാരിച്ചന് 10 വോട്ടും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരളാ കോണ്‍ഗ്രസ് ജോസഫിലെ എം.ജെ. ജേക്കബിന് 5 വോട്ടും ലഭിച്ചു. 
ജോസഫ് ഗ്രൂപ്പിലെ മറ്റൊരു അംഗമായ സി.വി. സുനിത ഹാജരായില്ല.  ആദ്യ രണ്ടുവര്‍ഷം സി.പി.ഐ. പ്രതിനിധിയായ ജിജി കെ. ഫിലിപ്പും, തുടര്‍ന്ന് സി.പി.എം. പ്രതിനിധിയായ കെ.ടി. ബിനുവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്നു. തുടര്‍ന്നുള്ള കാലയളവാണ് കേരളാ കോണ്‍ഗ്രസി(എം)നു ലഭിച്ചത്. 
സ്ഥാനമൊഴിഞ്ഞ രണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും രാരിച്ചനും പീരുമേട് നിയമസഭാ മണ്ഡലത്തിലെ അംഗങ്ങളാണ്. ജില്ലാ പഞ്ചായത്തിലെ ഈ ഭരണകാലയളവിലെ മൂന്ന് പ്രസിഡന്റുമാരും ഒരേ നിയോജക മണ്ഡലത്തില്‍ നിന്നുണ്ടായത് ഒരു അപൂര്‍വത കൂടിയാണ്. ശനിയാഴ്ച രാവിലെ 11 മണിക്ക് ചേര്‍ന്ന  തെരഞ്ഞെടുപ്പ് യോഗത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ വരണാധികാരി ആയിരുന്നു.
കുമളി അണക്കര സ്വദേശിയായ രാരിച്ചന്‍ നീറണാകുന്നേല്‍ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് മെമ്പര്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പര്‍, അണക്കര വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്, മേഖലാ പ്രസിഡന്റ്  ലയണ്‍സ് ക്ലബ് റീജണല്‍ ചെയര്‍മാന്‍, സോണല്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 
ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കുടുംബമായ നീറണാക്കുന്നേല്‍ കുരുവിള-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. അണക്കര മൗണ്ട് ഫോര്‍ട്ട് സ്‌കൂള്‍ അധ്യാപിക ഗ്രേസാണ് ഭാര്യ. നാലു മക്കള്‍: ആന്‍ മരിയ, റിച്ചാര്‍ഡ്‌സ്, റിയ, റിന്ന. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *