അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ അത്ഭുത പ്രകടനം നടത്തുകയാണ് വിദര്‍ഭ ക്യാപ്റ്റന്‍ കരുണ്‍ നായര്‍. ടീമിനെ ഫൈനലിലേക്ക് നയിച്ച താരം ഏഴ് മത്സരങ്ങളില്‍ നിന്ന് 752 റണ്‍സാണ് കരുണ്‍ അടിച്ചെടുത്തത്. ഇതില്‍ ആറ് മത്സരങ്ങളിലും താരത്തെ പുറത്താക്കാന്‍ സാധിച്ചിട്ടില്ല. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുണിനെ വാഴ്ത്തി രംഗത്ത് വന്നിരുന്നു. അസാധാരണ പ്രകടനമെന്നാണ് സച്ചിന്‍ എക്‌സില്‍ കുറിച്ചിട്ടത്. അഞ്ച് സെഞ്ചുറികളാണ് താരം സ്വന്തമാക്കിയത്. 112*, 44*, 163*, 111*, 112, 122*, 88* എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.
ഇന്ന് ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ കരുണിന്റെ പേര് ചര്‍ച്ച ചെയ്യേണ്ടി വരും. കരുണ്‍ നേരത്തേയും ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ള താരമാണ്. ആറ് ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും മാത്രം ഒതുങ്ങിയതാണ് കരുണിന്റെ രാജ്യാന്തര കരിയര്‍. ടെസ്റ്റില്‍ 62.33 ശരാശരിയില്‍ 374 റണ്‍സാണ് കരുണ്‍ നേടിയത്. ഇതില്‍ ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ പുറത്താവാതെ നേടിയ 303 റണ്‍സും ഉള്‍പ്പെടും. പിന്നീട് ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഇന്നിംഗ്‌സുകള്‍ കൂടി കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും തിളങ്ങാനായില്ല. ഇതോടെ ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. 2017 മാര്‍ച്ച് 25ന് ധര്‍മശാലയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. ഏകദിനത്തില്‍ 23 ശരാശരിയില്‍ 46 റണ്‍സും കരുണ്‍ നേടി. 2016 ലാണ് കരുണ്‍ നായര്‍ ഇന്ത്യക്കായി അവസാന ഏകദിനം കളിച്ചത്. പിന്നീട് ഫോം ഔട്ടിനെ തുടര്‍ന്ന് കരുണ്‍ ഏകദിന ടീമില്‍ നിന്ന് പുറത്തായി.
Dear cricket, give me one more chance.🤞🏽
— Karun Nair (@karun126) December 10, 2022
Thank you so much sir❤️ means a lot🙏🏼 https://t.co/CcQrcIOZOC
— Karun Nair (@karun126) January 17, 2025
കരിയര്‍ അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് കരുണ്‍ 2022 ഡിസംബര്‍ 10ന് ഒരു ട്വീറ്റുമായി വന്നത്. ‘പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി തരൂ’ എന്നായിരുന്നു കരുണിന്റെ ചോദ്യം. എന്തായാലും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയ്ക്ക് ഫലം കാണുകയാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയാലും അതിനുശേഷം വരുന്ന പരമ്പരകളില്‍ ഒന്നിലെങ്കിലും സെലക്ടര്‍മാര്‍ക്കു കരുണ്‍ നായരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വരും. മൂന്നാം നമ്പര്‍ ബാറ്ററായ കരുണിനെ ചാംപ്യന്‍സ് ട്രോറഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല. വിരാട് കോലി അവിടെ തുടരുന്നതിനാല്‍ ഒരുവിധത്തിലും കരുണിന് പരിഗണന ലഭിക്കില്ല. എങ്കിലും ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം കരുണിനെ ഒഴിവാക്കാനാവില്ല.
These stats don’t seem real, but are 😅 #KarunNair #VijayHazareTrophy pic.twitter.com/UGgYTQDYtM
— ESPNcricinfo (@ESPNcricinfo) January 16, 2025
വീണ്ടും ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് കരുണ്‍ സംസാരിച്ചിരുന്നു. മലയാളികൂടിയായ കരുണ്‍ പറഞ്ഞതിങ്ങനെ… ”എപ്പോഴും രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ് സ്വപ്നം. സ്വപ്നം ഇപ്പോഴും ജീവനോടെയുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ കളിക്കാന്‍ സാധിക്കുന്നത്. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത് മാത്രമാണ് ലക്ഷ്യം. ഇന്ത്യന്‍ ടീമിലെത്തിയാല്‍ ഇതെന്റെ മൂന്നാമത്തെ തിരിച്ചുവരവായിരിക്കും. ഞാന്‍ കളിക്കുന്ന ഓരോ മത്സരത്തിലും റണ്‍സ് കണ്ടെത്താനാണ് ശ്രമിക്കാറ്.” കരുണ്‍ പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു… ”ഞാന്‍ വ്യത്യസ്തമായി ഒന്നും ചെയ്തിട്ടില്ല. ഒരു രഹസ്യവുമില്ല. ഇത് വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ഞാന്‍ കരുതുന്നു. ഓരോ ദിവസവും പുതിയ ഒന്നായി എടുക്കുക. ഞാന്‍ കളിക്കുന്ന ഓരോ ഇന്നിംഗ്‌സിനേയും ബഹുമാനിക്കുന്നു. എന്റെ കരിയര്‍ അവസാനിക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എനിക്ക് വീണ്ടും പൂജ്യത്തില്‍ നിന്ന് ആരംഭിക്കണമെന്ന് ഞാന്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നു.” അതിന്റെ ഫലമായിട്ടാണ് എനിക്ക് ഇങ്ങനെ കളിക്കാന്‍ സാധിക്കുന്നത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറും കരുണിനെ കുറിച്ച് സംസാരിച്ചിരുന്നു. ടെന്‍ഡുല്‍ക്കര്‍ എക്സിലല്‍ കുറിച്ചിട്ടതിങ്ങനെ… ”ഏഴ് ഇന്നിംഗ്സില്‍ നിന്ന് അഞ്ച് സെഞ്ചുറികളോടെ 752 റണ്‍സ് നേടുകയെന്നത് അസാധാരണം എന്നല്ലാതെ പറയാതെ വയ്യ. ഇത്തരം പ്രകടനങ്ങള്‍ വെറുതെ സംഭവിക്കുന്നതല്ല. കഠിനാധ്വാനം കൊണ്ടും അര്‍പ്പണബോധം കൊണ്ടും ഉണ്ടാവുന്നതാണ്. കരുത്തനായി മുന്നോട്ട് പോവൂ, ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കൂ.” സച്ചിന്‍ വ്യക്തമാക്കി.