ജീവനക്കാരെ പിഴിയാനില്ല, അവരുടെ ആരോഗ്യം മുഖ്യം; വേറിട്ട ചുവടുമായി സൊമാറ്റോ

ഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യത്തിന്‍റെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടരുമ്പോള്‍, സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പക്ഷെ തീര്‍ത്തും വ്യത്യസ്ത സമീപനമാണ് ഇക്കാര്യത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. പണിയെടുപ്പിച്ച് ജീവനക്കാരെ പരമാവധി ഉപയോഗിക്കുന്ന നയം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കെ  ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും  വെല്‍നസ് കേന്ദ്രമാണ് സൊമാറ്റോ ഒരുക്കുന്നത്. ക്രയോതെറാപ്പി, റെഡ് ലൈറ്റ് തെറാപ്പി, ഹൈപ്പര്‍ബാറിക് ഓക്സിജന്‍ തെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുന്നതായിരിക്കും വെല്‍നസ് കേന്ദ്രം. ആര്‍ത്തവ അവധി നല്‍കുന്നതിന് പിന്നാലെയാണ് ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള സൊമാറ്റോയുടെ ശ്രമം

തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യം എല്ലായ്പ്പോഴും തങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനകളില്‍ ഒന്നാണെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. ജീവനക്കാരുടെ മാനസിക ആരോഗ്യം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ടീം ഉണ്ടെന്നും കമ്പനി ആസ്ഥാനത്ത്  ഒരു ജിം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്ക് ഒരു പ്രത്യേക ചീഫ് ഫിറ്റ്നസ് ഓഫീസറും ഉണ്ട്. ആര്‍ത്തവ അവധികള്‍, ലിംഗ-നിഷ്പക്ഷ രക്ഷാകര്‍തൃ അവധി നയങ്ങള്‍ എന്നിവയും തങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി. 200-ലധികം ആളുകള്‍ പുതിയ വെല്‍നസ് സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും സൊമാറ്റോ സിഇഒ പറഞ്ഞു.

എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ എന്താണ് പറഞ്ഞത്?

“നിങ്ങള്‍ക്ക് എത്രനേരം നിങ്ങളുടെ ഭാര്യയെ തുറിച്ചുനോക്കാന്‍ കഴിയും?” എന്ന് ചോദിച്ചുകൊണ്ടാണ് ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞത്. ഞായറാഴ്ചകളില്‍ ജോലി ചെയ്യിപ്പിക്കാന്‍ കഴിയാത്തതില്‍  ഖേദിക്കുന്നുവെന്നും ഞായറാഴ്ചകളില്‍  ജോലി ചെയ്യുന്നതിനാല്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ‘നിങ്ങള്‍ക്ക് എത്രനേരം ഭാര്യയെ നോക്കി നില്‍ക്കാന്‍ കഴിയും? ഭാര്യമാര്‍ക്ക് എത്രനേരം ഭര്‍ത്താക്കന്മാരെ നോക്കി നില്‍ക്കാന്‍ കഴിയും? ഓഫീസില്‍ പോയി ജോലി തുടങ്ങൂ,’ എന്ന് എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ ജീവനക്കാരോട് പറയുന്ന വീഡിയോ വൈറലായിരുന്നു

By admin