കോഴിക്കോട്: കോഴിക്കോടിനെ ലോക ഐടി ഭൂപടത്തില്‍ സുപ്രധാന സ്ഥാനം നല്‍കാന്‍ കേരള ടെക്നോളജി എക്സ്പോയ്ക്ക് സാധിക്കുമെന്ന് ജില്ലാകളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു.
 ഐടിയ്ക്ക് പറ്റിയ ആവാസവ്യവസ്ഥ മലബാര്‍ മേഖലയിലാകെ വളര്‍ത്തിയെടുക്കാന്‍ ഇതിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, സിറ്റി2.0 (കാലിക്കറ്റ് ഇനോവേഷന്‍ ആന്‍ഡ് ടെക്നോളജി ഇനിഷ്യേറ്റീവ്), കോഴിക്കോട് ഗവണ്‍മന്‍റ് സൈബര്‍ പാര്‍ക്ക്, കാഫിറ്റ്, തുടങ്ങിയവര്‍ സംയുക്തമായാണ് കെടിഎക്സ് ഗ്ലോബല്‍ സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 13,14,15 തിയതികളില്‍ നടക്കുന്ന കെടിഎക്സ് ഗ്ലോബല്‍ 2025 ന്‍റെ ബ്രോഷര്‍ ജില്ലാകളക്ടര്‍ പ്രകാശനം ചെയ്തു. കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ഉച്ചകോടിയില്‍ 125 പ്രാസംഗികരും ആറായിരത്തിലേറെ പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.

ബിയോണ്ട് ബോഡേഴ്സ്, കേരളാസ് ഡിജിറ്റല്‍ പാത്ത് വേ ടു ദി ഫ്യൂച്ചര്‍ എന്നതാണ് കെടിഎക്സ് ഗ്ലോബല്‍ 2025 ന്‍റെ പ്രമേയം. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ മികവിന്‍റെ കേന്ദ്രം കോഴിക്കോട് ആരംഭിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കെടിഎക്സില്‍ തുടക്കമാകും.

നിര്‍മ്മിതബുദ്ധി, മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് സെമി കണ്ടക്ടേഴ്സ്, എആര്‍/വിആര്‍, സ്പേസ് ടെക്, ഇലക്ട്രിക് മൊബിലിറ്റി, എവിജിസി-എക്സആര്‍ എന്നിവയാണ് കെടിഎക്സ് 2025 പ്രാധാന്യം നല്‍കുന്ന മേഖലകള്‍.

സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ്, ഇനോവേഷന്‍ ഷോകേസ്, ടെക് ടാലന്‍റ് ഹണ്ട്, വിമന്‍ ഇന്‍ ടെക്, ജിടുജി, ബിടുബി എന്നിവയാണ് പ്രത്യേകമായി സംഘടിപ്പിച്ചിരിക്കുന്നത്.മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് നിത്യാനന്ദ കമ്മത്ത്, സിറ്റി 2.0 ചെയര്‍മാന്‍ അജയന്‍ കെ ആനാട്ട്, ജനറല്‍ സെക്രട്ടറി അനില്‍ ബാലന്‍, ഗവണ്‍മന്‍റ് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, കാഫിറ്റ് പ്രസിഡന്‍റ് അബ്ദുള്‍ ഗഫൂര്‍ കെവി,  എംഎം ആക്ടീവ് അസോസിയേറ്റ് വൈസ്പ്രസിഡന്‍റ് മഞ്ജുനാഥ റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *