ഹോങ്കോങ് സിനിമയിലെ വമ്പന്‍ ഹിറ്റ് ആയി മാറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്‌സ്: വാല്‍ഡ് ഇന്‍ എന്ന ചിത്രം ഇന്ത്യന്‍ ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. ഹോങ്കോങിലും ചൈനയിലും 2024 മെയ് മാസത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. 

മാര്‍ഷ്യല്‍ ആര്‍ട്‌സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം ആഭ്യന്തര വിപണിയില്‍ നേടിയ വന്‍ സ്വീകാര്യതയ്ക്ക് പിന്നാലെ യുഎസ്, യുകെ, ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നിങ്ങനെ നിരവധി വിദേശ മാര്‍ക്കറ്റുകളിലേക്കും പറന്നു. 
അവിടെയൊക്കെ മികച്ച കളക്ഷനും സ്വന്തമാക്കി. ഇതുവരെയുള്ള ആഗോള ഗ്രോസ് 1000 കോടിയോടടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോങ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നുമാണ് ഈ ചിത്രം.

ഹോങ്കോങ് വാരിയേഴ്‌സ് എന്ന പേരിലാണ് ചിത്രം ഇന്ത്യന്‍ തിയറ്ററുകളില്‍ എത്തുക. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് ചിത്രം ഇന്ത്യന്‍ തിയറ്ററുകളില്‍ എത്തുക.

 ജനുവരി 24 നാണ് ഇന്ത്യന്‍ റിലീസ്. റിലീസിന് മുന്നോടിയായി ഇന്ത്യന്‍ ഭാഷകളിലെ ട്രെയ്‌ലറും വിതരണക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഹനുമാന്‍ മൂവി മേക്കേഴ്സുമായി ചേര്‍ന്ന് സന്‍ഹാ സ്റ്റുഡിയോസ് ആണ്. 

ഇന്ത്യന്‍ സിനിമയില്‍ ആക്ഷന്‍ ചിത്രങ്ങള്‍ വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഹോങ്കോങ് വാരിയേഴ്‌സും ഇന്ത്യന്‍ പ്രേക്ഷകരെ ആകരഷിക്കുമെന്ന് വിതരണക്കാര്‍ പറയുന്നു.

സോയി ചിയാങ് സംവിധാനം ചെയ്ത് ലൂയിസ് കൂ, സാമ്മോ ഹംഗ്, റിച്ചി ജെന്‍, റെയ്മണ്ട് ലാം, ടെറന്‍സ് ലോ, കെന്നി വോങ്, ഫിലിപ്പ് എന്‍ജി, ടോണി വു, ജര്‍മ്മന്‍ ചിയൂങ് എന്നിവര്‍ അഭിനയിച്ച ഒരു ഹോങ്കോംഗ് ആയോധന കല ആക്ഷന്‍ ചിത്രമാണിത്.

 യുയിയുടെ സിറ്റി ഓഫ് ഡാര്‍ക്ക്നെസ് എന്ന നോവലിനെയും ആന്‍ഡി സെറ്റോയുടെ അതേ പേരിലുള്ള മാന്‍ഹുവയെയും അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം 2024 മെയ് 1-ന് ഹോങ്കോങ്ങിലും ചൈനയിലും റിലീസ് ചെയ്തു.

 2024-ലെ കാനിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ഹോങ്കോങ്ങില്‍ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ആഭ്യന്തര ചിത്രവുമായി ഈ ചിത്രം മാറി. വാര്‍ത്തപ്രചരണം: പി.ശിവപ്രസാദ്

 

By admin

Leave a Reply

Your email address will not be published. Required fields are marked *