തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറി തുടങ്ങാൻ ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകിയ മന്ത്രിസഭാ തീരുമാനത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ നിയമസഭയിൽ പുറത്ത് വിടാൻ യു.ഡി.എഫ്.
ചട്ടങ്ങൾ പാലിക്കാതെയാണ് ബ്രൂവറി തുടങ്ങാൻ കമ്പനിയെ തിരഞ്ഞെടുത്തതെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉയർത്തുന്ന വാദം. ചർച്ചയും ടെണ്ടറുമില്ലാതെ കമ്പനിക്ക് അനുമതി നൽകിയതിൽ വലിയ അഴിമതിയാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

വിഷയത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സർക്കാർ തീരുമാനമെന്നാണ് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കുന്നത്. 

പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന വാദമുയർത്തിയാണ് സർക്കാരും മന്ത്രിയും ആരോപണങ്ങൾ തള്ളുന്നത്.
എന്നാൽ  മധ്യപ്രദേശിലെ ഇൻഡോർ ആസ്ഥാനമായ ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക്  പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി തുടങ്ങാനുള്ള പ്രാരംഭ അനുമതിക്ക് പിന്നിലെ കൂടുതൽ കാര്യങ്ങൾ പുറത്ത് വിട്ട് പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഇതിന് പുറമേ എസ്.എഫ്.ഐ.ഒ അന്വേഷണമടക്കം ഒരുപിടി വിഷയങ്ങളും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഉന്നയിക്കപ്പെടും.

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അനുമതി തേടിയാൽ ചർച്ച അനുവദിച്ച് പ്രതിപക്ഷത്തിന്റെ ആരോപണം പൊളിക്കാനും എൽ.ഡി.എഫിൽ ആലോചനയുണ്ട്.
ഇതിന് പുറമേ യു.ഡി.എഫിനെ കടന്നാക്രമിക്കാൻ വയനാട്ടിലെ ഡി.സിസി ട്രഷറർ എൻ.എം വിജയന്റെ മരണം ആയുധമാക്കാനാണ് എൽ.ഡി.എഫ് തീരുമാനം.

ഇതിൽ പ്രതിയായ ഐ.സി ബാലകൃഷ്ണടക്കമുള്ളവർക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുന്നയിച്ചാവും ഭരണപക്ഷത്തിന്റെ കടന്നാക്രമണം. 

രാഹുൽ മാങ്കൂട്ടത്തിൽ, യു.പ്രദീപ് എന്നീ എം.എൽ.എമാരുടെ സാന്നിധ്യവും മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്റെ അസാന്നിധ്യവും ഇത്തവണത്തെ സഭയുടെ പ്രത്യേകതയാണ്. വനനിയമ ഭേദഗതിയിൽ നിന്ന് സർക്കാരിന്റെ യൂടേൺ പ്രതിപക്ഷത്തിന്റെ വിജയമായാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *