രജനികാന്തിന്‍റെ ബില്ലയെ ഫ്ലോപ്പ് എന്ന് വിളിച്ച് സംവിധായകന്‍; തിരിച്ചടിച്ച് രജനിയുടെ മാനേജര്‍!

ചെന്നൈ: 1978-ൽ അമിതാഭ് ബച്ചൻ നായകനായ ഡോണിന്‍റെ റീമേക്കായി തമിഴില്‍ ആർ കൃഷ്ണമൂർത്തി 1980-ൽ ഒരുക്കിയ ചിത്രമാണ് ബില്ല. രജനികാന്തിന്‍റെ കരിയറില്‍ വന്‍ ചിത്രങ്ങളുടെ തുടക്കം കുറിച്ച വന്‍ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ അടുത്തിടെ  ഒരു അഭിമുഖത്തിൽ സംവിധായകൻ വിഷ്ണുവർദ്ധൻ രജനികാന്തിന്‍റെ ബില്ലയെ ഫ്ലോപ്പ് എന്ന് വിളിച്ചിരുന്നു. 

എന്നാല്‍ ഇപ്പോള്‍  രജനികാന്തിന്‍റെ പിആര്‍ മാനേജര്‍ വിഷ്ണുവര്‍ദ്ധന് തിരുത്തുമായി എത്തിയിരിക്കുകയാണ്.  ഇത്തരം പ്രസ്താവനകള്‍ നടത്തും മുന്‍പ് വസ്തുതാപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്നാണ് രജനിയുടെ പിആര്‍ മനേജര്‍ റിയാസ് കെ അഹമ്മദ്  ആവശ്യപ്പെടുന്നത്. 

2007ല്‍ അജിത്തിനെ വച്ച് ബില്ല റീമേക്ക് ചെയ്ത സംവിധായകനാണ് വിഷ്ണുവർദ്ധൻ. എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ  അദ്ദേഹം പറഞ്ഞത് “സത്യം പറഞ്ഞാൽ, ആ സമയത്ത് ബില്ല നന്നായി ഓടിയില്ല. ഞാൻ ചിന്തിച്ചു, നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്? സിനിമയിൽ ഞാൻ എന്താണ് ഇഷ്ടപ്പെടുന്നത്? ആ സമയത്ത് നായകസ്ഥാനത്ത് ഒരു ഡാര്‍ക്ക് ഷെയ്ഡ് ആള്‍ ഉണ്ടായിരുന്നത് എനിക്ക് ഇഷ്ടപ്പെട്ടു, അതൊരു മികച്ച ആശയമാണെന്ന് ഞാൻ കരുതി” എന്നാണ്.

2007ൽ അജിത് കുമാറിനെ നായകനാക്കി ബില്ല റീമേക്ക് ചെയ്യാന്‍ കാരണം എന്താണ് എന്ന് വിശദീകരിക്കുന്നതിനിടെയാണ് വിഷ്ണുവര്‍ദ്ധന്‍ പഴയ ബില്ല വിജയിച്ചില്ലെന്ന കാര്യം പറഞ്ഞത്. 

രജനികാന്തിന്‍റെ പിആർ മാനേജർ റിയാസ് അഹമ്മദ് എന്നാല്‍ എക്സില്‍ ഇട്ട ഒരു പോസ്റ്റിലൂടെ ഇതിനോട് തിരിച്ചടിച്ചു. വിഷ്ണുവര്‍ദ്ധന്‍റെ ക്ലിപ്പിനൊപ്പം അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്,  1980-ൽ പുറത്തിറങ്ങിയ ബില്ല ഒരു സിൽവർ ജൂബിലി ഹിറ്റായിരുന്നുവെന്ന് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒറിജിനൽ പതിപ്പിന്‍റെ നിർമ്മാതാവ് ശ്രീ സുരേഷ് ബാലാജിയോട് ഇത് ചോദിച്ച് മനസിലാക്കാം. തെറ്റായ വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണം, നിങ്ങളുടെ പ്രസ്താവനകളിൽ കൃത്യത ഉറപ്പാക്കാൻ അഭ്യർത്ഥിക്കുന്നു. 

അദിതി ശങ്കർ, ആർ ശരത്കുമാർ, പ്രഭു, ഖുശ്ബു സുന്ദർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നെസിപ്പായ എന്ന ചിത്രമാണ് അടുത്തിടെ വിഷ്ണുവർധൻ സംവിധാനം ചെയ്തത്. ജനുവരി 14ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം എന്നാല്‍ വലിയ അഭിപ്രായം നേടിയില്ല.

മാര്‍ക്കോ ടിക്കറ്റ് വിലയില്‍ വന്‍ സര്‍പ്രൈസ്: ഓഫര്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

‘ഇയാള് കുളമാക്കും സാര്‍, പുറത്ത് ഇരുത്തണം’: അരവിന്ദ് സ്വാമിയുടെ തമാശയ്ക്ക്, പ്രതികരിച്ച് വിജയ് സേതുപതി

By admin