മധുരമില്ലാത്ത ചായ എങ്ങനെ കുടിയ്ക്കും? പഞ്ചസാരയ്ക്ക് 6 രൂപ റീഫണ്ട് തരാമെന്ന് സൊമാറ്റോ; എക്സിൽ വൈറലായ പോസ്റ്റ്
ബംഗളൂരു: ബംഗളൂരുവിലെ ഒരു യൂട്യൂബർ എക്സിലൂടെ പങ്കുവച്ച ഒരു സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ച. യൂട്യൂബറുടെ പരാതിയ്ക്ക് സൊമാറ്റോ നൽകിയ മറുപടിയാണ് രസകരം. യൂട്യൂബറായ ഇഷാൻ ശർമ്മ സൊമാറ്റോയിലൂടെ ഒരു ചായയ്ക്ക് ഓഡർ ചെയ്തു. മധുരമില്ലാത്ത ചായ ലഭിച്ച ഇഷാൻ സൊമാറ്റോ ചാറ്റ് സപ്പോർട്ടിലൂടെ തന്റെ പരാതി ബോധിപ്പിച്ചു.
ഈ ചായ കുടിക്കാനാവില്ലെന്നും, ഞാനെന്ത് ചെയ്യാനാണെന്നും ഇഷാൻ ചാറ്റ് സപ്പോർട്ടിലൂടെ ചോദിച്ചു. എന്നാൽ മറു ഭാഗത്തു നിന്നും മറുപടി വന്നത് ഇപ്പോൾ ചായ കുടിക്കൂ, മധുരത്തിനായുള്ള റീഫണ്ടായി 6 രൂപ തിരിച്ചു തരാമെന്നായിരുന്നു. അപ്പോൾ മധുരമില്ലാതെ എങ്ങനെ ചായ കുടിക്കുമെന്ന് ഇഷാൻ വീണ്ടും ചോദിച്ചു. അതിരാവിലെ മധുരമില്ലാത്ത ചായ കുടിക്കുന്നത് അത്ര സുധകരമായ സംഗതിയല്ലെന്ന് എനിക്കറിയാമെന്ന് സൊമാറ്റോ ചാറ്റ് സപ്പോർട്ടിലൂടെ ഇമ്രാനും മറുപടി നൽകി. ഇങ്ങനെ നീളുകയാണ് ചാറ്റ്.
ഇഷാൻ എക്സിലൂടെ പങ്കുവച്ച പോസ്റ്റ്:
Zomato got pookie chat support😭 pic.twitter.com/TlDQyTBRDS
— Ishan Sharma (@Ishansharma7390) January 15, 2025
നിലവില്‍ 5000 പേരോളം കണ്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ‘Zomato got pookie chat support’ എന്ന തലക്കെട്ട് നല്‍കിയാണ് ഇഷാന്‍ പോസ്റ്റ് എക്സിലൂടെ പങ്കുവച്ചിരിക്കുന്നത്.