തിരുവനന്തപുരം: കേന്ദ്രസർക്കാരിനെ നിരന്തരം അതിരൂക്ഷമായി വിമർശിക്കുകയും കടമെടുപ്പ് പരിധിയിൽ നിയന്ത്രണമേർപ്പെടുത്തിയതിന് സുപ്രീംകോടതിയിൽ കേസുകൊടുക്കുകയും ചെയ്ത സർക്കാർ, നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനം ഒഴിവാക്കിയത് ചർച്ചയാവുന്നു.

ഇന്ന് രാവിലെ നിയമസഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് നയപ്രഖ്യാപനം നടത്തിയത്. കേന്ദ്രത്തിനെതിരായ അതിരൂക്ഷമായ വിമർശനങ്ങൾ നയപ്രഖ്യാപനത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്

എന്നാൽ വിമർശനമൊഴിവാക്കുകയും കേന്ദ്രവിരുദ്ധമായ കാര്യങ്ങൾ പേരിനു മാത്രമാക്കുകയും ചെയ്തു. പുതിയ ഗവർണർ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നയപ്രഖ്യാപനമായിരുന്നു ഇന്നത്തേത്. അതിൽ തന്നെ കേന്ദ്ര വിരുദ്ധ വിമർശനം ഒഴിവാക്കിയത് രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ളതാണ്.  
ഒരു മണിക്കൂർ 56മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിനെപ്പോലും കാര്യമായി വിമർശിച്ചിട്ടില്ല.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് ഒരു വർഷത്തിനകം പൂ‌ർത്തീകരിക്കുമെന്നും ദുരന്ത പ്രതിരോധ ശേഷിയുള്ള കേരളം കെട്ടിപ്പടുക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നുണ്ടെങ്കിലും കേരളം ആവശ്യപ്പെട്ട 2200കോടിയിൽ ഒരു രൂപ പോലും കേന്ദ്രം അനുവദിക്കാത്തത് പരമാർശിച്ചിട്ടേയില്ല. 
കേന്ദ്രസർക്കാരിന്റെ ആവശ്യമായ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ചെറുക്കാനുള്ള നടപടിയെടുക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്.

അതേസമയം, വിഴിഞ്ഞം പാക്കേജ്, വയനാട് സഹായം, വി.സി നിയമനത്തിനുള്ള യുജിസി ചട്ടഭേദഗതി എന്നിവയെക്കുറിച്ചൊന്നും നയപ്രഖ്യാപനത്തിൽ വിമർശനമില്ലാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ അൽഭുതപ്പെടുത്തി

ഉയർന്ന സാമ്പത്തിക വളർച്ചയ്ക്ക് യോജിച്ച അന്തരീക്ഷമുണ്ടാക്കാനുള്ള മുൻകൈയെടുക്കുമ്പോൾ തന്നെ അതിന്റെ നേട്ടങ്ങൾ എല്ലാവർക്കും ലഭിക്കുന്നതുവരെ കാത്തിരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു.
ഇതിനായി നിർധന വിഭാഗങ്ങൾക്ക് കേന്ദ്രീകൃത ക്ഷേമ പരിപാടികൾ ആരംഭിച്ചു. ഉയർന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിന് നൽകാനുള്ള കാഴ്ചപ്പാടുണ്ട്.
ഇത് നേടാനായി മൂലധന നിക്ഷഏപം വർദ്ധിപ്പിക്കാൻ സദുദ്ദേശപരമായ നടപടികളെടുക്കും. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതും ക്രിയാത്മകവുമായ നിലപാട് കേന്ദ്രസർക്കാർ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ സാമൂഹ്യനീതി, ഫെ‍ഡറലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നിങ്ങനെ ഭരണഘടനാ മൂല്യങ്ങളോട് ഉറച്ച പ്രതിബദ്ധത കാട്ടുന്നു. ഐക്യം കാത്തുസൂക്ഷിക്കുമ്പോൾ തന്നെ വൈവിദ്ധ്യത്തോട് ബഹുമാനവുമുണ്ട്

വൈവിദ്ധ്യത്തെ ബഹുമാനത്തോടെ ഉൾക്കൊണ്ട ഒരു രാജ്യത്ത് വ്യത്യാസങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കും ദേശീയ പ്രസ്ഥാനത്തിന്റെ ശ്രേഷ്ഠമായ ആദ‌ശങ്ങൾക്കും എതിരായിരിക്കുമെന്ന് സംസ്ഥാന സർക്കാർ കരുതുന്നെന്ന് കേന്ദ്രത്തെ പരോക്ഷമായി വിമർശിക്കുന്നു.
കടമെടുപ്പ് പരിധിയിൽ നിയന്ത്രണം കൊണ്ടുവന്നതിനെ ചോദ്യം ചെയ്ത്  കേന്ദ്രസർക്കാരിനെതിരേ സംസ്ഥാനം സുപ്രീംകോടതിയിൽ കേസുകൊടുത്തിരിക്കുകയാണെങ്കിലും സാമ്പത്തിക കാര്യത്തിൽ കേന്ദ്രവിമർശനം കടുപ്പിച്ചിട്ടില്ല.
ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന്റെ ചെലവിനുള്ള പ്രധാന ഭാഗം സംസ്താനം വഹിക്കുന്നു.

ഈ ചെലവ് ദേശീയപാതകളുടെ അധിക മൂലധന നിക്ഷേപമായി അംഗീകരിക്കപ്പെടേണ്ടതാണ്. സംസ്ഥാനത്തിന്റെ വായ്പയെടുക്കൽ പരിധിയിൽ ഇത് ഉൾപ്പെടുത്തുന്നത് വൻകിട പദ്ധതികളെ പിന്തുണയ്ക്കുന്നതിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കും. 

സംസ്ഥാന മൂലധന ചെലവ് പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ നൽകുന്ന ഊന്നലിന് തിരിച്ചടിയുമാണ്. ഈ സാമ്പത്തിക വർഷം 6000കോടി രൂപ വായ്പയെടുക്കാൻ കേരളത്തിന് നിരുപാധിക അനുമതി നൽകണമെന്ന് നയപ്രഖ്യാപനത്തിൽ ആവശ്യപ്പെടുന്നുണ്ട്

ഈ അപേക്ഷയിൽ കേന്ദ്രം അനുകൂല നിലപാടെടുക്കുമെന്ന് ശുഭാപ്തി വിശ്വാസം പുലർത്തുന്നെന്നാണ് നയപ്രഖ്യാപനത്തിലുള്ളത്.
ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റുകളും കേന്ദ്രാവിഷ്കൃത പദ്ധതികളിലെ നിയന്ത്രണ വ്യവസ്ഥകളുമായി കൂട്ടിയോജിപ്പിച്ച് നിർത്തലാക്കിയതും പുതിയ വായ്പാ നിയന്ത്രണങ്ങളും സർക്കാരിന് സാമ്പത്തിക വെല്ലുവിളിയാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു.

വിഴിഞ്ഞം തുറമുഖത്തിന് 5000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് നയപ്രഖ്യാപനത്തിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കഴിഞ്ഞ കേന്ദ്രബജറ്റിൽ ഇക്കാര്യത്തിന് അപേക്ഷിച്ചിട്ട് അനുവദിക്കാതിരുന്നതിനെക്കുറിച്ച് മിണ്ടാട്ടമില്ല

വിഴിഞ്ഞം വിജിഎഫ് ഗ്രാൻഡ് ആയി അനുവദിക്കാനുള്ള കേന്ദ്ര നീക്കത്തിനെ നയപ്രഖ്യാപനത്തിൽ പരാമർശിക്കുന്നതല്ലാതെ വിമർശിക്കുന്നില്ല.
കേരളത്തിന്റെ വികസനം ലോകശ്രദ്ധ ആകർഷിക്കുന്നതാണ്. നവ കേരള സാക്ഷാത്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *