കരിമ്പാടത്തെ വീട്ടില്‍ നിലവിളി ഉയർന്നു; 3 പേരുടെ കൊലപാതകത്തിൽ നടുങ്ങി നാട്, മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ കൊലപാതകത്തിൽ നടുങ്ങി നാട്. അയല്‍വാസിയായ ഋതു ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഋതുവെന്നും നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കോടതിയിലെത്തിച്ച പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
കരിമ്പാടത്തെ വീട്ടില്‍ ഒരു നാട് മുഴുവന്‍ നിലവിളിക്കുകയായിരുന്നു. കാട്ടിപ്പറമ്പില്‍ വേണുവിന്‍റെയും ഉഷയുടെയും വിനിഷയുടെയും മൃതദേഹം ഉച്ചയ്ക്ക് ശേഷമാണ് ബന്ധുവീട്ടില്‍ എത്തിച്ചത്. ഒരു മതിനലപ്പുറം താമസിക്കുന്ന ഋതുവിന്‍റെ കൊടുംക്രൂരതയില്‍ സ്തംഭിച്ചിരിക്കുകയാണ് ചേന്ദമംഗംലം. അമ്മയെ, അപ്പൂപ്പനേയും അമ്മൂമയേയും വിനിഷയുടെ കുഞ്ഞുങ്ങള്‍ അവസാനമായി കണ്ടു. സ്ഥലം എംഎല്‍എകൂടിയായ പ്രതിപക്ഷ നേതാവും വീട്ടിലെത്തി.
മോട്ടോര്‍ സൈക്കിളിന്‍റെ സ്റ്റംമ്പ് വച്ചാണ് ഋതു നാലുപേരുടെയും തലയ്കടിച്ചത്. വേണുവിന്‍റെ തലയില്‍ മാത്രം മാരകമായ ആറ് മുറിവുകളുണ്ടെന്ന് ഇന്‍ക്വസ്റ്റിലൂടെ തന്നെ തിരിച്ചറിഞ്ഞു. രണ്ട് ദിവസം മുന്‍പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ജിതിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വീട്ടിലേക്ക് പാഞ്ഞെത്തിയതെന്നാണ് ഋതുവിന്‍റെ പ്രഥാമിക മൊഴി. തടുക്കാന്‍ ശ്രമിച്ച മൂന്ന് പേരെയും കുഞ്ഞുങ്ങളുടെ മുന്നില്ലിട്ട് തലയ്ക്കടിച്ചു. ജിതിനെയും ആക്രമിച്ച് വീഴ്ത്തിയ ശേഷമാണ് ജിതിന്‍റെ തന്നെ ബൈക്കെടുത്ത് പൊലീസ് സ്റ്റേഷനിലെത്തി ഋതു കീഴടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ജിതിന്‍റെ ചികിത്സ തുടരുകയാണ്.
തന്‍റെ സഹോദരിയെ കളിയാക്കിയതിലുള്ള ദേഷ്യത്തിലായിരുന്നു ആക്രമണമെന്ന് ഋതു പൊലീസിനോട് പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് അഭ്യൂഹം പരന്നെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ അങ്ങനെയൊന്ന് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആക്രമണ സമയത്ത് ലഹരി ഉപയോഗിച്ചിട്ടുമില്ലെന്നും എസ് ബി എസ് ജയകൃഷ്ണന്‍, മുനമ്പം ഡിവൈഎസ്പി പറഞ്ഞു. അഞ്ച് കേസുകളില്‍ പ്രതിയായ റൗഡി ലിസ്റ്റിലുള്ള ഋതു നീരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് കഴിഞ്ഞ നവംബറിലും ഡിസംബറിലും വീട്ടിലെത്തിയും അന്വേഷിച്ചിരുന്നു. അതിനിനിടെയാണ് ബെംഗളൂരുവില്‍ നിര്‍മാണ ജോലിക്ക് പോയി മടങ്ങിവന്നത്. എന്നാല്‍ ഒരു വീട്ടുകാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കെല്ലാം ശല്യമായിരുന്ന ഋതുവിനെ പൊലീസ് പൂട്ടാന്‍ വൈകിയതാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ഋതുവിനെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതിവളപ്പില്‍ നാട്ടുകാര്‍ പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന്‍റെ നേതൃത്വത്തില്‍ പതിനേഴംഗ പൊലീസാണ് കേസന്വേഷിക്കുന്നത്.