തിരുവനന്തപുരം: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെതിരെ രൂക്ഷ വിമർശനവുമായി കത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡ്യ (സി.ബി.സി.ഐ) രംഗത്ത് വന്നിട്ടും പ്രതികരിക്കാതെ ബി.ജെ.പി കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ.
ഭാഗവത് കേരളത്തിലെത്തുന്നതിന് തൊട്ടുമുമ്പാണ് മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയെ ഉദ്ധരിച്ച് ആർ.എസ്.എസ് തലവൻ നടത്തിയ ‘ഘര്‍വാപ്പസി’ വിവാദത്തിനെതിരെ സി.ബി.സി.ഐ രംഗത്ത് വന്നത്.
ആദിവാസികളെ മടക്കിക്കൊണ്ടുവന്നില്ലെങ്കിൽ (ഘർ വാപസി) അവർ ദേശവിരുദ്ധരായി മാറുമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞതായയി ആർ.എസ്.എസ് മേധാവി മോഹന്‍ ഭഗത് വ്യക്തമാക്കിയിരുന്നു. ആർ.എസ്.എസിന്റെ ഒരു പരിപാടിയിലേക്ക് പ്രണബിനെ ക്ഷണിച്ചത് ഈ നീക്കത്തിന്റെ ഭാഗമായിരുന്നോയെന്ന് വ്യക്തമാക്കണം.
പ്രണബ് ജീവിച്ചിരുന്നപ്പോൾ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്താതിരുന്നതെന്തുകൊണ്ടാണെന്ന് മോഹൻ ഭാഗവത് വിശദീകരിക്കണം. ഇത് ഇപ്പോൾ പറയുന്നതിന്റെ ഉദ്ദേശ്യം നിന്ദ്യവും കപടവുമാണ്. മുൻ രാഷ്ട്രപതിയുടെ പ്രസ്താവന സത്യമാണെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് സി.ബി.സി.ഐ. പറഞ്ഞു.
രാജ്യത്തിന്റെ നിർമാണത്തിലും സ്വാതന്ത്ര്യസമരം, വിദ്യാഭ്യാസരംഗം, ആരോഗ്യപരിപാലനം, സാമൂഹിക ഉയർച്ച തുടങ്ങിയ മേഖലകളിലും ക്രിസ്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ എല്ലാവർക്കും അറിവുള്ളതാണ്.
ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സുള്ള ജീവിതം നയിക്കാനുള്ള അവകാശം ആദിവാസി സമൂഹത്തിനുണ്ട്. രാജ്യത്തിന് പ്രണബ് നൽകിയ സംഭാവനകളിൽ തങ്ങൾ ആദരവർപ്പിക്കുന്നതായും സി.ബി.സി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
മൗനം പാലിച്ച് ബി.ജെ.പി
സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ ആർ.എസ്.എസ് മേധാവി ഡോ. മോഹൻ ഭാഗവതിനെ വിമർശിച്ച സി.ബി.സി.ഐക്ക് മറുപടി നൽകാൻ ബി.ജെ.പി കേന്ദ്ര – സംസ്ഥാന നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല.
ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ മുന്നോടിയായി ജനുവരി 17 ന് എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലുള്ള പരമഭട്ടാര കേന്ദ്ര വിദ്യാലയത്തിൽ വിദ്യാർഥി പ്രവർത്തകരുടെ സമ്മേളനത്തിലും ആർഎസ്എസ് തലവൻ പങ്കെടുക്കുന്നുണ്ട്.
അഞ്ച് ദിവസം കേരളത്തിലുണ്ടായിട്ടും ആരോപണത്തിന് മറുപടി പറയാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും തയ്യാറയിട്ടില്ല.
ക്രൈസ്തവ സഭകളെ അടുപ്പിക്കാൻ സംഘപരിവാറും ബി.ജെ.പിയും ‘ ഷെയ്ക്ഹാന്‍ഡും കേക്കു’മൊക്കെയായി നടക്കുമ്പോഴാണ് ആര്‍ എസ് എസിന്‍റെ ഉള്ളിലിരുപ്പ് പുറത്തുവന്നതും അതിന് അതേ നാണയത്തില്‍ സി.ബി.സി.ഐ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുള്ളതും.
ഇതോടെ ക്രൈസ്തവ സഭകളെ അടുപ്പിക്കുന്നതില്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും കാണിക്കുന്ന ശുഷ്കാന്തി വെറും വോട്ട് ബ്വാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മാത്രമുള്ളതാണെന്നും അതില്‍ ആത്മാര്‍ഥതയുടെ കണികപോലും ഇല്ലെന്നും സഭാ കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
ക്രിസ്തുമസ് സമയത്ത് പാലക്കാടും മറ്റും പുല്‍ക്കൂടുകള്‍ക്കെതിരെ ഉണ്ടായ നീക്കങ്ങളും സഭകള്‍ സംശയത്തോടെയാണ് കാണുന്നത്. അതിന് ശേഷം ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നീക്കങ്ങള്‍ക്ക് സഭകളുടെ ഭാഗത്തുനിന്നും ഉദ്ദേശിക്കുന്ന സ്വീകാര്യത ലഭിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.