കേരള സർക്കാരിന്റെയും വനം വകുപ്പിന്റെയും തോട്ടം ഉടമ കളുടെയും ശ്രദ്ധയ്ക്ക് ..! പുലിയുടെ ആക്രമണം തടയാൻ ഇതാ ഫലപ്രദമായ ഒരു വഴി..
വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും തോട്ടങ്ങളിൽ ജോലിചെയ്യുന്നവർക്കും പുലികളുടെ ആക്രമണം സ്ഥിരമായി നേരിടേണ്ടി വരുന്നുണ്ട്. വനം വകുപ്പും ജനങ്ങളും എത്ര കരുത ലെടുത്താലും അതിൽ കാര്യമായ പുരോഗതി ഉണ്ടാകാറില്ല.
ആഹാരമില്ലാതെ വലയുമ്പോഴാണ് ഇവ ആക്രമണകാരികളാകുന്നത്. വളർത്തുമൃഗങ്ങളെ രാത്രികാലങ്ങളിലും മനുഷ്യരെ പതിയിരുന്നും ആക്രമിക്കുന്നത് പുലി, കടുവ എന്നീ വന്യമൃഗങ്ങളുടെ രീതിയാണ്.
കരിമ്പ് കൃഷിക്ക് പ്രസിദ്ധമാണ് ഉത്തർപ്രദേശ്, പ്രത്യേകിച്ചും ബിസ്നോർ മുതലായ ജില്ലകൾ. പുലികൾക്ക് പതുങ്ങിയിരിക്കാൻ ഇഷ്ടമുള്ള ഇടമാണ് കരിമ്പിൻതോട്ടങ്ങൾ.
അവിടെ ജോലിക്കുവരുന്ന തൊഴിലാളികളാണ് ഇവയുടെ ആക്രമണങ്ങൾക്ക് ഇരകളാകുന്നത്. കഴിഞ്ഞവർഷം മാത്രം 17 ആളുകളെയാണ് പുലികൾ കരിമ്പിൻതോട്ടങ്ങളിൽ പതിയിരുന്നു കൊലപ്പെടുത്തിയത്.
പുലികളുടെ ആക്രമണത്തിൽനിന്നും ആളുകളെ രക്ഷിക്കാനുള്ള വളരെ ശാസ്ത്രീയവും ഫലപ്രദവുമായ ഒരു വിദ്യ ഉത്തർപ്രദേശ് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നു.
അതായത് അവിടെ കരിമ്പിൽ തോട്ടങ്ങളിലും വനത്തോട് ചേർന്ന മേഖലകളിലും ജോലിചെയ്യുന്നവർക്ക് ഒരു പ്രത്യേകതരം മുഖംമൂടി വനംവകുപ്പ് വിതരണം ചെയ്തിരിക്കുകയാണ്. ബംഗാളിലെ സുന്ദരബൻ മേഖലയിലും ഇത്തരം മുഖംമൂടി പ്രയോഗം വലിയ വിജയമായിരുന്നു.
ഈ മുഖം മൂടി തലയ്ക്കു പിറകിലാണ് ധരിക്കേണ്ടത്. അതിനുള്ള കാരണം പുലികൾ മനുഷ്യരെ ആക്രമി ക്കുന്നത് മിക്കപ്പോഴും പിന്നിൽ നിന്നാണ്. മുന്നിലൂടെവന്ന് നേരിട്ടാക്രമിക്കുന്ന രീതി പുളകളിൽ വിരളമാണ്. മനുഷ്യന്റെ മുഖവും കണ്ണുകളും പുലികൾക്ക് ഭയമാണ്. അതുകൊണ്ടുതന്നെ അവ മനുഷ്യരുടെ മുഖ ത്തേക്ക് അധികനേരം നോക്കാറില്ല.
മനുഷ്യരെ പിന്നിൽ നിന്നും ആക്രമിച്ച് കഴുത്തിലാണ് കൂർത്ത പല്ലുകൾ കൊണ്ട് കടിച്ചുപിടിച്ച് കൊല പ്പെടുത്തുന്നത്.
അതുകൊണ്ടാണ് ഈ മുഖം മൂടികൾ പിന്നിൽ കെട്ടുന്നത്. പിന്നിലൂടെ വരുന്ന പുലി മുഖംമൂടിയിലെ മുഖം കണ്ട് ആക്രമണത്തിനു മുതിരാതെ പിൻവലിയുമെന്നാണ് ഉത്തർപ്രദേശ്, ബിസ്നോർ ഡിഎഫ്ഒ ഗ്യാൻ സിംഗ് പറയുന്നത്.
തൊഴിലാളികൾക്കെല്ലാം കഴുത്തിൽ ധരിക്കാൻ നെക്ക് ഗാര്ഡും നൽകുന്നുണ്ട്. അതുമൂലം പുലി പിടികൂടിയാലും കഴുത്തിൽ പല്ലുകൾ താഴ്ത്താൻ അവയ്ക്ക് കഴിയില്ല.
ഈ രീതി ഫലപ്രദമാണെന്ന് പശ്ചിമബംഗാളിലെ സുന്ദർബൻ വനമേഖലയിൽ പരീക്ഷിച്ചു വിജയിച്ചതു കൊണ്ടാണ് ഉത്തർ പ്രദേശ് ഈ രീതി നടപ്പാക്കിയിരിക്കുന്നത്.
ഏകദേശം അയ്യായിരത്തിലധികം മുഖമൂടികളും നെക്ക് ഗാർഡും ഇപ്പോൾത്തന്നെ വിതരണം ചെയ്തുകഴിഞ്ഞു. അതിനുശേഷം പുലികളുടെ ആക്രമണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗ്രാമീണമേഖലകളിൽ പ്രത്യേകിച്ചും തൊഴിലാളികൾക്ക് വനം വകുപ്പ് ബോധവൽക്കരണവും മാസ്ക്ക് വിതരണവും നടത്തിവരുകയാണ്. ജോലിസ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോകാതെ ഗ്രൂപ്പായി പോകാനും മാസ്ക്ക്, സദാ തലയുടെ പിന്നിൽ ധരിക്കാനും കുട്ടികളെ ജോലിസ്ഥലത്ത് കൊണ്ടുപോകാതിരിക്കാനും നിർദ്ദേശങ്ങൾ നൽകിവരുന്നുണ്ട്.
കേരളത്തിൽ വനത്തോട് ചേർന്ന പ്രദേശങ്ങളിലും തേയില – ഏലം തോട്ടങ്ങളിലും പുലികളുടെ സാന്നിദ്ധ്യവും അവയിൽനിന്നുള്ള ആക്രമണങ്ങളും വർദ്ധിച്ചുവരികയാണ്. വീടുകളിൽ നിന്നും ആട്, പശു, നായ്ക്കൾ എന്നിവയെ പുലികൾ രാത്രികാലങ്ങളിൽ പിടികൂടാറുണ്ട്.
1989 ൽ ബംഗാളിലെ സുന്ദർവൻ റിസർവ് ഫോറസ്റ്റ് മേഖലയിൽ പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാനായി ജനങ്ങൾക്ക് ഇത്തരം മാസ്ക്കുകൾ നൽകുകയും അത് വിജയിക്കുകയും ചെയ്തിരുന്നു.
അതിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് ഇപ്പോൾ ഉത്തർപ്രദേശ് വളരെ വ്യാപകമായി ആളുകൾക്ക് മാസ്ക്കുകൾ വിതരണം ചെയ്യുന്നത്.
കേരളത്തിലും ഏലം, തേയില,കാപ്പിത്തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഇത്തരം മുഖം മൂടിയും നെക്ക് ഗാർഡും നൽകി പരീക്ഷിക്കാവുന്നതാണ്.