ജസ്റ്റിസ് വിനോദ് ചന്ദ്രൻ; സ്റ്റേറ്റ് ബാങ്കില്‍ നിന്നും സുപ്രീം കോടതി ജഡ്ജി പദത്തിലേക്ക്

സുപ്രീംകോടതിയിൽ വീണ്ടും ഒരു മലയളി തിളക്കം. മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. വൈവിധ്യമേറിയ നിയമ മേഖലകളിൽ തന്‍റെ പേര് എഴുതി ചേർത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതിയിലേക്ക് എത്തുന്നത്.  ജസ്റ്റിസ് സിടി രവികുമാർ വിരമിച്ചതിന് പിന്നാലെയാണ് ഉന്നത നീതീപീഠത്തിലേക്ക് മലയാളിയായ ജഡ്ജി വിനോദ് ചന്ദ്രൻ എത്തുന്നത്. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 

മുപ്പത്തിയഞ്ച് വർഷത്തോളം നീണ്ട നിയമ ജീവിതത്തിലേക്ക് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ എത്തിയത് സ്റ്റേറ്റ് ബാങ്കിലെ ജോലിക്കിടെയാണ്.  തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമപഠനം. പഠനം പൂർത്തിയായതിന് പിന്നാലെ ബാങ്കിലെ ജോലി വിട്ട് 1990 -ൽ അഭിഭാഷകനായി. പിന്നീട് 21 വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് 2011 -ൽ ഹൈക്കോടതി ജഡ്ജി പദത്തിലേക്ക് എത്തിയത്. 2023 വരെ കേരള ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന കാലത്ത് കേരളം ചർച്ച ചെയ്ത നിരവധി കേസുകളിൽ സുപ്രധാന വിധി പ്രസ്താവനകൾ. 

ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്‍റെ ജീവപര്യന്തം കഠിന തടവ് ശരിവച്ച ജഡ്ജി. 2015 -ൽ അഖിലേന്ത്യ പ്രീ മെഡിക്കൽ പരിക്ഷയിലെ ഹിജാബ് നിരോധനം റദ്ദാക്കിയതടക്കം അനേകം വിധി പ്രസ്താവങ്ങൾ. സർക്കാർ പ്രോസിക്യൂട്ടർമാരുടെ നിയമത്തിൽ സുതാര്യത ഉറപ്പാക്കുന്നതിന് നടത്തിയ ഇടപെടൽ. പാട്‍ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ബീഹാറിലെ വലിയ രാഷ്ട്രീയ വിഷയമായിരുന്ന ജാതി സൈൻസസ് കേസിലെ ഇടപെടൽ അടക്കം ജസ്റ്റിസ് വിനോദ് ചന്ദ്രന്‍റെ ഭാഗത്ത് നിന്നുണ്ടായി. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപൻ എന്ന വിശേഷണത്തോടെയാണ് കൊളീജിയം ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തിയത്. 2028 ഏപ്രിൽ വരെയാണ് വിനോദ് ചന്ദ്രന്‍റെ കാലാവധി.

 

By admin