ഏകദിന ബാറ്റിംഗ് ശരാശരിയില്‍ സാക്ഷാൽ മൈക്കൽ ബെവനെയും വിരാട് കോലിയെയും പിന്നിലാക്കി മലയാളി താരം, റെക്കോര്‍ഡ്

വഡോദര: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റിന്‍റെ ആദ്യ സെമിയില്‍ ഹരിയാനക്കെതിരെ അര്‍ധസെഞ്ചുറി നേടിയതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കി കര്‍ണാടകക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ഹരിയാനക്കെതിരായ മത്സരത്തില്‍ 113പന്തില്‍ 86 റണ്‍സെടുത്ത് കര്‍ണാടകയുടെ ടോപ് സ്കോററായ ദേവ്ദത്ത് പടിക്കല്‍ ടീമിന്‍റെ വിജയശില്‍പ്പിയായതിനൊപ്പം മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

ലിസ്റ്റ് എ ക്രിക്കറ്റില്‍ 31 മത്സരങ്ങളില്‍ 2063 റണ്‍സടിച്ച ദേവ്ദത്ത് പടിക്കലിന്‍റെ ബാറ്റിംഗ് ശരാശരി 82.52 ആണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ കുറഞ്ഞത് 2000 റണ്‍സെങ്കിലും നേടിയിട്ടുള്ള ബാറ്റര്‍മാരില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയാണിത്. ഇന്ത്യയുടെ തന്നെ റുതുരാജ് ഗെയ്ക്‌വാദ്(58.16), ഓസ്ട്രേലിയന്‍ ഇതിഹാസം മൈക്കല്‍ ബെവന്‍(57.86), ഇംഗ്ലണ്ട് താരം സാം ഹെയ്ന്‍(57.76) ഇന്ത്യയുടെ വിരാട് കോലി(57) എന്നിവരെയാണ് ബാറ്റിംഗ് ശരാശരിയിൽ ദേവ്ദത്ത് പടിക്കല്‍ ബഹുദൂരം പിന്നിലാക്കിയത്.

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പുറത്ത്; ഗ്യാലറി ടിക്കറ്റിന് വെറും 310 രൂപ മാത്രം

വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി കളിച്ച മത്സരങ്ങളില്‍ 86, 102, 114, 93*, 70, 117, 71* എന്നിങ്ങനെയാണ് ദേവ്ദത്തിന്‍റെ ബാറ്റിംഗ് പ്രകടനം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ദേവ്ദത്ത് പടിക്കല്‍ നാട്ടില്‍ തിരിച്ചെത്തിയശേഷമാണ് ഇത്തവണ വിജയ് ഹസാരെയില്‍ കളിക്കാനിറങ്ങിയത്. വിജയ് ഹസാരെ ക്വാര്‍ട്ടറില്‍ 99 പന്തില്‍ 102 റണ്‍സടിച്ച ദേവ്ദത്ത് പടിക്കല്‍ സെമിയില്‍ 86 റണ്‍സുമായി ടോപ് സ്കോററായി കര്‍ണാടകക്ക് ഫൈനല്‍ ബര്‍ത്ത് നേടിക്കൊടുക്കുകയും ചെയ്തു. വിജയ് ഹസാരെയിലെ മിന്നും പ്രകടനം ദേവ്ദത്തിന് ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേിക്കൊടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്നലെ നടന്ന വിജയ് ഹസാരെ ട്രോഫി ആദ്യ സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം 47.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കര്‍ണാടക മറികടന്നു. ഇത് അഞ്ചാം തവണയാണ് കര്‍ണാടക വിജയ് ഹസാരെ ഫൈനലിലെത്തുന്നത്. വ്യാഴാഴ്ച നടക്കുന്ന വിദര്‍ഭ-മഹാരാഷ്ട്ര രണ്ടാം സെമിഫൈനല്‍ വിജയികളെയാണ് കര്‍ണാടക ശനിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ നേരിടുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin