ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള എഐ കാരക്ടറുകൾ നിർമിക്കാം; പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്
തിരുവനന്തപുരം: വാട്സ്ആപ്പില്‍ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളതുപോലെ എഐ കാരക്ടറുകൾ നിർമിക്കാന്‍ വഴിയൊരുങ്ങുന്നു. ഇതിനുള്ള സൗകര്യങ്ങള്‍ വാട്സ്ആപ്പ് വികസിപ്പിക്കുകയാണ്. വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ് ബീറ്റാ വേർഷൻ 2.25.1.26ൽ കമ്മ്യൂണിറ്റീസ് ടാബിന് പകരം പുതിയൊരു എഐ ടാബ് ഉൾപ്പെടുത്തി. ഇൻസ്റ്റഗ്രാമിലെ മെറ്റ എഐ സ്റ്റുഡിയോ ടൂളിന് സമാനമായ ഫീച്ചറാണിത്.
മെറ്റ എഐയുടെ ചാറ്റ്ബോട്ട് വാട്സ്ആപ്പില്‍ ഇതിനകം ലഭ്യമാണ്. വിവിധ ആവശ്യങ്ങൾക്കുള്ള ചാറ്റ് ബോട്ടുകൾ നിർമിക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ചാറ്റ്ബോട്ട് നിർമിക്കാനുള്ള സംവിധാനം ഇതാദ്യമായാണ്. മറ്റുള്ളവർ നിർമിക്കുന്ന ചാറ്റ് ബോട്ടുകൾ ഉപയോഗിക്കാനാകുന്നത് പോലെ നാം നിർമിക്കുന്ന ചാറ്റ്ബോട്ടുകൾ മറ്റുള്ളവർക്കും ഉപയോഗിക്കാനാകും.
Read more: മാര്‍ക് സക്കര്‍ബര്‍ഗിന്റെ കടുംവെട്ട്; മെറ്റ 3600 ജീവനക്കാരെ പിരിച്ചുവിടുന്നു, കാരണം ‘പ്രകടനം മോശം’
ബീറ്റാ ഉപഭോക്താക്കൾക്കായി റീമൈൻഡർ ഓപ്ഷൻ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. സീൻ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ചാണ് വാട്സ്ആപ്പ് റിമൈന്‍ഡറിലൂടെ ഓർമിപ്പിക്കുക. വാട്സ്ആപ്പ് ബീറ്റാ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങി. വൈകാതെ ബാക്കിയുള്ളവർക്കും ഈ സേവനം ലഭിക്കുമെന്നാണ് സൂചന.
നേരത്തെ സ്റ്റാറ്റസ് മെൻഷൻ ഓപ്ഷൻ വാട്സ്ആപ്പ് അവതരിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു. ഈ അപ്ഡേറ്റ് ഹിറ്റായതിന് പിന്നാലെയാണ് പുതിയ അപ്ഡേറ്റുകൾ കമ്പനി അവതരിപ്പിക്കുന്നത്. ഈ അപ്ഡേറ്റിലൂടെ നമ്മളൊരു സ്റ്റാറ്റസ് ഇട്ടാൽ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാനും വഴിയൊരുങ്ങി. നിലവിൽ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുക.
Read more: പുതുവര്‍ഷത്തില്‍ പുത്തന്‍ ലുക്കില്‍ വാട്സ്ആപ്പ്; പുതിയ ക്യാമറ ഇഫക്ടുകള്‍, സെല്‍ഫി സ്റ്റിക്കറുകള്‍