കല്‍പ്പറ്റ: വയനാട്ടിലെ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മൂന്ന് വഞ്ചന കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് തീരുമാനം.
പത്രോസ് താളൂര്‍, സായൂജ്, ഷാജി എന്നിവര്‍ നല്‍കിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യ പ്രേരണ കേസില്‍ ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍ എന്നിവരാണ് പ്രതികളായിട്ടുള്ളത്.
ആത്മഹത്യാ കുറിപ്പിനെ കുറിച്ച് കൃത്യമായി അന്വേഷിക്കണം എന്ന് ഐസി ബാലകൃഷ്ണന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ചില വരികള്‍ വെട്ടിയ നിലയിലാണ്. എംഎല്‍എക്കെതിരെ രാഷ്ട്രീയ വേട്ടയാടല്‍ നടക്കുകയാണ്.
ഐസി ബാലകൃഷ്ണന്‍ ഹൃദ്രോഗത്തിന് ചികിത്സയിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും അന്വേഷണത്തില്‍ ഇടപെടില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു. കേസിള വാദം നാളെയും തുടരും. ഉത്തരവ് വരുന്നത് വരെ പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമര്‍ശം സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്നതാണ് പൊലീസ് നിഗമനം.
ഇത് വരെ 30 പേരുടെ മൊഴിയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തത്. വിജിലസിന്റെ അന്വേഷണവും കേസുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.