വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറുമായി ഇന്ത്യ! പ്രതികയ്ക്കും മന്ദാനയ്ക്കും സെഞ്ചുറി

രാജ്‌കോട്ട്: വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് നാലാമത്തെ ടീം സ്‌കോര്‍ കണ്ടെത്തി ഇന്ത്യ. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 435 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്തത്. പ്രതിക റാവലിന്റെ (129 പന്തില്‍ 154) കന്നി സെഞ്ചുറിയും സ്മൃതി മന്ദാനയുടെ (135) പത്താം ഏകദിന സെഞ്ചുറിയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. റിച്ചാ ഘോഷ് (42 പന്തില്‍ 59) മികച്ച പ്രകടനം പുറത്തെടുത്തു. അയര്‍ലന്‍ഡിനെതിരെ 2018ല്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 491 റണ്‍സ് നേടിയ ന്യൂസിലന്‍ഡാണ് ഒന്നാമത്. രണ്ടാമത്തേയും മൂന്നാമത്തേയും ഉയര്‍ന്ന ടീം സ്‌കോര്‍ ന്യൂസിലന്‍ഡിന്റെ പേരിലാണ്. യഥാക്രമം 455 (പാകിസ്ഥാനെതിരെ), 440 (അയര്‍ലന്‍ഡ്) എന്നിങ്ങനെയാണത്.

മോഹിപ്പിക്കുന്ന തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ പ്രതിക – മന്ദാന സഖ്യം 233 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 27-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മന്ദാന പുറത്തായി. 80 പന്തുകള്‍ ഒന്നാകെ നേരിട്ട താരം ഏഴ് സിക്‌സും 12 ഫോറും പായിച്ചു. വനിതാ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്തി താരം. 97 മത്സരങ്ങളില്‍ നിന്നാണ് മന്ദാന പത്താം സെഞ്ചുറി നേടുന്നത്. ഇന്ന് 70 പന്തിലാണ് മന്ദാന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മന്ദാനയുടെ പേരിലായി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിെര 87 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറാണ് രണ്ടാം സ്ഥാനത്ത്. 

വൈകാതെ പ്രതികയും സെഞ്ചുറി നേടി. മാത്രമല്ല, റിച്ചാ ഘോഷിനൊപ്പം 104 റണ്‍സ് ചേര്‍ക്കാനും പ്രതികയ്ക്ക് സാധിച്ചു. റണ്‍സുയര്‍ത്താനുള്ള ശ്രമത്തില്‍ റിച്ച മടങ്ങി. ഒരു സിക്‌സും പത്ത് ഫോറും താരം നേടി. പിന്നാലെ തേജല്‍ ഹസബ്‌നിസ് (28) ക്രീസിലേക്ക്. അവര്‍ക്കൊപ്പവും പ്രതികയ്ക്ക് 50 കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിച്ചു. മാരത്തോണ്‍ ഇന്നിംഗ്‌സിന് 44-ാം അവസാനമായത്. പുറത്താവുമ്പോള്‍ 129 പന്തുകള്‍ മാത്രം നേരിട്ട താരം ഒരു സിക്‌സും 20 ഫോറും നേടിയിരുന്നു. പിന്നാലെ ഹര്‍ലീന്‍ ഡിയോള്‍ (15), ഹസബ്‌നിസ് മടങ്ങി. ജമീമ റോഡ്രിഗസ് (4), ദീപ്തി ശര്‍മ (11) പുറത്താവാതെ നിന്നു. മലയാളി താരം മിന്നു മണിക്ക് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. 

ആറ് ഇന്നിംഗ്‌സിനിടെ ആദ്യ സെഞ്ചുറി, 150 കടന്നു! അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഉത്തരവുമായി പ്രതിക

ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. മലയാളി താരം മിന്നു മണിക്ക് പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ചു. തനുജ കന്‍വാറും ടീമിലെത്തി. പ്രിയ മിശ്ര, സൈമ താക്കൂര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സ്മൃതി മന്ദാന (ക്യാപ്റ്റന്‍), പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, സയാലി സത്ഘരെ, മിന്നു മണി, തനുജ കന്‍വാര്‍, തിദാസ് സദു.

അയര്‍ലന്‍ഡ്: സാറാ ഫോര്‍ബ്‌സ്, ഗാബി ലൂയിസ് (ക്യാപ്റ്റന്‍), കൗള്‍ട്ടര്‍ റെയ്ലി (വിക്കറ്റ് കീപ്പര്‍), ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ്, ലോറ ഡെലാനി, ലിയ പോള്‍, ആര്‍ലിന്‍ കെല്ലി, അവ കാനിംഗ്, ജോര്‍ജിന ഡെംപ്സി, ഫ്രേയ സാര്‍ജന്റ്, അലാന ഡാല്‍സെല്‍.

By admin