ന്യൂയോര്‍ക്ക്: യു എസില്‍ ടിക് ടോക്ക് നിരോധനം നേരിടുന്നതിന് പിന്നാലെ അമേരിക്കക്കാരില്‍ നിരവധി പേര്‍ ബദല്‍ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ റെഡ്‌നോട്ടിലേക്ക്.
ആപ്പിളിന്റെ യു എസ് ആപ്പ് സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് ഇപ്പോള്‍ റെഡ് നോട്ടാണ്.
‘ലിറ്റില്‍ റെഡ് ബുക്ക്’ എന്നര്‍ഥം വരുന്ന ആപ്പ് ചൊവ്വാഴ്ച ആപ്പിളിന്റെ യു എസ് ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡില്‍ ഒന്നാം സ്ഥാനത്തെത്തി.
ജനുവരി 19-നകം ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് വില്‍ക്കുന്നില്ലെങ്കില്‍ ടിക് ടോക്കിന് യു എസില്‍ നിരോധനം നേരിടേണ്ടിവരുമെന്ന് പ്രസ്താവിക്കുന്ന നിയമത്തില്‍ സുപ്രിം കോടതി ജഡ്ജിമാര്‍ വിധി പ്രസ്താവിക്കാനിരിക്കുകയാണ്.
ടിക് ടോക്ക് തങ്ങളുടെ യു എസ് ബിസിനസ് വില്‍ക്കില്ലെന്ന് ആവര്‍ത്തിക്കുന്നുമുണ്ട്. പ്ലാറ്റ്‌ഫോമിന്റെ യു എസിലെ 170 ദശലക്ഷം ഉപയോക്താക്കളുടെ സ്വതന്ത്ര സംഭാഷണ സംരക്ഷണത്തെ നിരോധിക്കുന്നത് നിയമ ലംഘനമാണെന്നാണ് ടിക്ടോകിന്റെ അഭിഭാഷകര്‍ പറയുന്നത്.
‘ടിക്ടോക് അഭയാര്‍ഥി’ എന്ന വിഷയത്തില്‍ 63,000 പോസ്റ്റുകള്‍ കണ്ടതോടെ റെഡ്നോട്ട് തങ്ങളുടെ പുതിയ ഉപയോക്താക്കള്‍ക്കായി ആപ്പ് നാവിഗേറ്റ് ചെയ്യുന്നതിനെ കുറിച്ചും അടിസ്ഥാന ചൈനീസ് ശൈലികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും പഠിപ്പിക്കാന്‍ തയ്യാറായി. റെഡ്‌നോട്ടിലേക്ക് കുടിയേറുന്ന ആളുകള്‍ സ്വയം ‘ടിക് ടോക്ക് അഭയാര്‍ഥികള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.