കോട്ടയം: മകര വിളക്ക് ദിവസം ശബരിമല സന്നിധാനത്ത് എത്തിയ ദേവസ്വം മന്ത്രി വാസവൻ അയ്യപ്പഭക്തരുടെ വിശ്വാസത്തെയും ക്ഷേത്ര ആചാരങ്ങളെയും അവഹേളിച്ചതായി ആരോപണം.
തിരുവാഭാരണം ചാർത്തി മകര സംക്രാന്തി ദീപാരാധനയ്ക്ക് ശേഷം നട തുറന്നപ്പോൾ ശ്രീകോവിലിനു മുന്നിലുണ്ടായിരുന്ന മന്ത്രി ദേവനെ തൊഴാതെ മാറി നിന്നതാണ് വിവാദമാകുന്നത്.
ശരണം വിളിയോടെ ഭക്തർ തൊഴുമ്പോൾ കൈകൾ കെട്ടി അകന്ന് മാറി നിന്ന മന്ത്രി ക്ഷേത്ര ആചാരങ്ങളെയും വിശ്വാസത്തെയും അപമാനിക്കുകയായിരുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ഭക്തിയും ക്ഷേത്രവിശ്വാസവും ഇല്ലെങ്കില്‍ മന്ത്രി എന്തിനു നടയ്ക്ക് മുമ്പിൽ പോയി നിൽക്കുന്നു എന്നും ദേവസ്വം ഓഫീസിലോ ഗസ്റ്റ് ഹൗസിലോ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കാമായിരുന്നല്ലോ എന്നുമാണ് ഉയരുന്ന വിമർശനങ്ങൾ.
മുമ്പ് കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരുന്ന സമയത്ത് സന്നിധാനത്തെ ശ്രീകോവിലിന് മുന്നിൽ അയ്യപ്പനെ തൊഴാതെ നിന്നതും കൈയ്യിൽ ലഭിച്ച തീർത്ഥം കുടഞ്ഞു കളഞ്ഞതും വലിയ വിമർശനങ്ങൾക്ക് വഴിയിട്ടിരുന്നു. അനിന് സമാനമായ ചെയ്തിയാണ് മന്ത്രി വാസവനവും തുടർന്നതെന്നാണ് ആരോപണം.
നിരീശ്വരവാദികളായ മന്ത്രിമാരെ തന്നെ എന്തിനാണ് ദേവസ്വം വകുപ്പിൻ്റെ ചുമതല ഏൽപ്പിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.
അയ്യപ്പനെ ഒരു നോക്കു കണ്ട് തൊഴാൻ കഠിന വ്രതം അനുഷ്ഠിച്ച് എത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ തള്ളിമാറ്റുകയും ഇതുപോലുള്ളവരെ അവിടെ മണിക്കൂറുകളോളം നില്കാൻ അനുവദിക്കുകയും ചെയ്യുന്നതിൻ്റെ ഔചിത്യം എന്താണെന്നാണ് പലരും ചോദിക്കുന്നത്.
ശബരിമലയിൽ വിശേഷ ദിവസങ്ങളിൽ നട തുറക്കുമ്പോൾ ദേവസ്വം മന്ത്രി അവിടെ ഉണ്ടായിരിക്കണം എന്നൊരു നിയമമോ ആചാരമോ ഇല്ല.
ഈശ്വര വിശ്വാസം ഇല്ലെങ്കിൽ മന്ത്രിയെന്ന പ്രിവിലേജ് ഉപയോഗിച്ച്, നടയ്ക്കു മുന്നിലെത്തി വെറുതേ നിൽക്കുന്നത് എന്തിനാണ് എന്നാണ് ഉയരുന്ന വിമർശനം.
നട തുറക്കുമ്പോൾ ഒരാൾ മാത്രം മൂർത്തിയെ തൊഴാതെ നിൽക്കുന്നത് ഭക്തരെയും ഹിന്ദുവിശ്വാസത്തെയും അപമാനിക്കാനാണെന്നും ആക്ഷേപമുണ്ട്. എന്നാൽ വിമർശനം ശക്തമായിട്ടും ഇക്കാര്യത്തോടെ പ്രതികരിക്കാൻ മന്ത്രി വാസവൻ ഇതുവരെ തയ്യാറായിട്ടില്ല.