ഡല്‍ഹിക്കൊപ്പം രഞ്ജി കളിക്കാനൊരുങ്ങി റിഷഭ് പന്ത്! കോലിയുടെ കാര്യത്തില്‍ വ്യക്തയില്ല
ദില്ലി: രഞ്ജി ട്രോഫി കളിക്കാനൊരുങ്ങി റിഷഭ് പന്ത്. ജനുവരി 23ന് സൗരാഷ്ട്രയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി പന്ത് കളിക്കാനുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്‌കോട്ടിലാണ് മത്സരം. 2017ലാണ് പന്ത് അവസാനമായി രഞ്ജി കളിച്ചത്. 2018-ല്‍ ഇന്ത്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ടൂര്‍ണമെന്റില്‍ ഇടംപിടിച്ചിട്ടില്ല. പന്തിനൊപ്പം ഹര്‍ഷിത് റാണയും ദില്ലിക്ക് വേണ്ടി കളിച്ചേക്കും. എന്നാല്‍ സീനിയര്‍ താരം വിരാട് കോലിയുടെ പങ്കാളിത്തത്തെ കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. മൂവരും ഡല്‍ഹിയുടെ സാധ്യത ടീമില്‍ ഇടം പിടിച്ചിരുന്നു. 2012ലാണ് കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്തിന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാന്‍ സാധിച്ചിരുന്നില്ല. അഞ്ച് മത്സരങ്ങളില്‍ നിന്ന് (9 ഇന്നിംഗ്സ്) 28.33 ശരാശരിയില്‍ ഒരു അര്‍ദ്ധ സെഞ്ച്വറിയോടെ 255 റണ്‍സാണ് പന്ത് നേടിയിരുന്നത്. 2022ലെ കാറപകടത്തിന് ശേഷം ബംഗ്ലാദേശിനെതിരായ സമീപകാല ഹോം ടെസ്റ്റ് പരമ്പരയിലാണ് പന്ത് തിരിച്ചെത്തുന്നത്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തിരിച്ചെത്തിയ പന്ത് ഗംഭീര സെഞ്ച്വറി നേടി, രണ്ട് ടെസ്റ്റുകളില്‍ നിന്ന് 53.66 ശരാശരിയില്‍ ഒരു സെഞ്ചുറിയോടെ 161 റണ്‍സുമായി രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ റണ്‍സ് നേടിയ താരമായി.
ന്യൂസിലന്‍ഡിനെതിരായ തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 43.50 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ചുറികളോടെ 261 റണ്‍സ് നേടി. 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ട് പര്യടനത്തോടെ അദ്ദേഹം തന്റെ ഫോം വീണ്ടെടുക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
കോലി, ഡല്‍ഹിക്ക് വേണ്ടി രഞ്ജി കളിക്കണമെന്ന് ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) സെക്രട്ടറി അശോക് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുംബൈ താരങ്ങളെ കോലി മാതൃകയാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കോലി ഡല്‍ഹിക്ക് വേണ്ടി കളിക്കണം. രഞ്ജി ട്രോഫി മത്സരത്തിന്റെ അവസാന രണ്ട് റൗണ്ടുകള്‍ക്കുള്ള ഡല്‍ഹിയുടെ സാധ്യതാ ടീമില്‍ കോലിയുടേയും റിഷഭ് പന്തിന്റേയും പേരുണ്ട്.
രഞ്ജി ട്രോഫി ക്യാംപ് നടക്കുകയാണ്, കോലി മുംബൈ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കണം. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാര്‍ പങ്കെടുക്കണമെന്ന് ബിസിസിഐയും പരാമര്‍ശിച്ചിട്ടുണ്ട്. കോലിയും റിഷഭ് പന്തും ഒരു കളിയെങ്കിലും കളിക്കണമെന്ന് എനിക്ക് തോന്നുന്നു. പക്ഷേ അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.” അദ്ദേഹം പറഞ്ഞു.