ഗോപൻ സ്വാമിയുടെ സമാധി നാളെ തുറന്ന് പരിശോധിക്കും, സമാധിയിൽ പൂജ നടത്തി മകൻ, സ്ഥലത്ത് കൂടുതൽ പൊലീസിനെ എത്തിക്കും
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി നാളെ തുറന്ന് പരിശോധിക്കും. അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അനുമതി നൽകിയതോടെയാണ് തീരുമാനം. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. അതേ സമയം നാളെ തുറക്കാനിരിക്കുന്ന സമാധിയിൽ പൂജ നടത്തി മകൻ രാജസേനൻ. രാവിലെ നടപടി തുടങ്ങുമെന്നാണ് പൊലീസ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
അതേ സമയം, അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിക്കുകയാണ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം.
കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ പറയുന്നു.