ഖോ ഖോ ലോകകപ്പ്: ജയം തുടര്‍ന്ന് ഇന്ത്യൻ വനിതകള്‍, ഇറാനെ തകര്‍ത്തു; പെറുവിനെ വീഴ്ത്തി ഇന്ത്യൻ പുരുഷ ടീം
ദില്ലി: ഖോ ഖോ ലോകകപ്പില്‍ ഇറാനെതിരെ ഇന്ത്യൻ വനിതകള്‍ക്ക് വമ്പന്‍ ജയം. 100-16 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതകള്‍ തുടര്‍ച്ചയായ രണ്ടാം ജയം സവന്തമാക്കിയത്. ക്യാപ്റ്റൻ പ്രിയങ്ക ഇംഗിളിന്‍റെ നായകത്വത്തില്‍ ഇറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയാണ് വിജയം തുടര്‍ന്നത്.
ടോസ് നേടിയ ഇന്ത്യ ആക്രമണമാണ് തെരഞ്ഞെടുത്തത്. ആദ്യ ടേണില്‍ തന്നെ ഇറാന്‍റെ 15 ഡിഫന്‍ഡേഴ്സിനെയും വീഴ്ത്തിയ ഇന്ത്യ 48 പോയന്‍റിന് മുന്നിലെത്തി. രണ്ടാം ടേണിലും ഇന്ത്യൻ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട ഇറാന് 10 പോയന്‍റുകളെ നേടാനായുള്ളു. രണ്ടാം ടേണ്‍ പൂര്‍ത്തിയാകുമ്പോള്‍ 52-10ന് ഇന്ത്യ മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയില്‍ 42 പോയന്‍റിന്‍റെ ലീഡുമായി മൂന്നാം ടേണിൽ ഇറങ്ങിയ ഇന്ത്യ ലീഡുയര്‍ത്തി. മൂന്നാം ടേണ്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 92-10ന് മുന്നിലായിരുന്നു. നാലാം ടേണിലും പ്രതിരോധിച്ചു നില്‍ക്കാന്‍ പാടുപെട്ട ഇറാന്‍ ഒടുവില്‍ ആറ് പോയന്‍റുകള്‍ കൂടി നേടിയെങ്കിലും ഒടുവില്‍ 100-16ന് തോല്‍വി വഴങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യന്‍ വനിതകള്‍ 100ലേറെ പോയന്‍റ് നേടി ജയിക്കുന്നത്.
ഇന്നലെ ദക്ഷിണ കൊറിയക്കെതിരെയും ഇന്ത്യൻ വനിതകള്‍ വമ്പന്‍ ജയം നേടിയിരുന്നു. 157 റണ്‍ മാര്‍ജിനിലായിരുന്നു ഇന്ത്യൻ വനിതകള്‍ ദക്ഷിണ കൊറിയയെ വീഴ്ത്തിയത്. ജയത്തോടെ ആറ് പോയന്‍റുമായി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഇന്ത്യൻ വനിതകള്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. നാളെ മലേഷ്യക്കെതിരെ ആണ് ഇന്ത്യൻ വനിതകളുടെ അവസാന മത്സരം.
ഇന്ന് നടന്ന വനിതാ വിഭാഗത്തിലെ മറ്റ് മത്സരങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ ഉഗാണ്ട തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇംഗ്ലണ്ട് ഒരു മത്സരം ജയിച്ചു. തുടര്‍ച്ചയായി മൂന്ന് ജയത്തോടെ ഉഗാണ്ടയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്.