10 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി കളിക്കാന്‍ രോഹിത്? മുംബൈ ടീമിനൊപ്പം പരിശീലനം നടത്തി താരം
മുംബൈ: മുംബൈ രഞ്ജി ട്രോഫി ടീമിനൊപ്പം പരിശീലനം ആരംഭിച്ച് രോഹിത് ശര്‍മ. വാംഖഡെ സ്‌റ്റേഡിയത്തിലാണ് താരത്തിന്റെ പരിശീലനം. മുംബൈ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്‌ക്കൊപ്പമാണ് രോഹിത് ബാറ്റ് ചെയ്തത്. ഈ 23നാണ് രഞ്ജി ട്രോഫിയില്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്. അദ്ദേഹം രഞ്ജി കൡുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. 2015ല്‍ ഉത്തര്‍ പ്രദേശിനെതിരെയാണ് രോഹിത് അവസാനമായി രഞ്ജിയില്‍ കളിച്ചത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മോശം പ്രകടനം പുറത്തെടുത്തിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് രോഹിത് നേരിട്ടത്.
ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ചര്‍ച്ചയായി. അതിന് പിന്നാലെ സീനിയര്‍ – ജൂനിയര്‍ താരങ്ങളെന്ന വ്യത്യാസമില്ലാതെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണെന്ന് ബിസിസിഐ നിര്‍ദേശം നല്‍കി. പരിശീലകന്‍ ഗൗതം ഗംഭീറും ഇക്കാര്യം എടുത്ത് പറഞ്ഞിരുന്നു. 3, 9, 10, 3, 6 എന്നിങ്ങനെയായിരുന്നു ഓസ്‌ട്രേലിയക്കെതിരെ രോഹിത്തിന്റെ സ്‌കോറുകള്‍. 10.93 ശരാശരി മാത്രമാണ് രോഹിത്തിനുള്ളത്. സിഡ്‌നി ടെസ്റ്റില്‍ നിന്ന് അദ്ദേഹം സ്വയം പിന്മാറിയിരുന്നു. നായകസ്ഥാനം ജസ്പ്രിത് ബുമ്രയ്ക്ക് നല്‍കുകയും ചെയ്തു. താല്‍കാലിക പിന്മാറ്റമാണെന്നും തിരിച്ചുവരുമെന്നും രോഹിത് അന്ന് പറഞ്ഞിരുന്നു.
എന്തായാലും ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയും പിന്നീട് ചാംപ്യന്‍സ് ട്രോഫിയും കളിക്കേണ്ടതിനാല്‍ രോഹിത് രഞ്ജി കളിക്കാന്‍ സാധ്യതയില്ല. രോഹിത് തയ്യാറെടുപ്പ് ക്യാംപില്‍ ആയിരിക്കാനാണ് സാധ്യത. എന്തായാലും പരിശീലനം നടത്താന്‍ രോഹിത് തീരുമാനിക്കുകയായിരുന്നു. താരം രാവിലെ വാംഖഡെ സ്‌റ്റേഡിയത്തിന് മുന്നില്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കാണാം…
ROHIT SHARMA HAS ARRIVED AT THE WANKHEDE TO PRACTICE. (Revsportz).pic.twitter.com/ADbzh2MiF9
— Mufaddal Vohra (@mufaddal_vohra) January 14, 2025
ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണമെന്ന് രോഹിത് ശര്‍മ ബിസിസിഐയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര കരിയറിന് വിരാമമിടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചെന്നാണ് വിവരം. ചാംപ്യന്‍സ് ട്രോഫി വരെയാണ് രോഹിത്തിനെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ധാരണയായത്. ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം അടിസ്ഥാനമാക്കി ആയിരിക്കും അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനമെടുക്കുക. രോഹിത് തന്നെയാണ് നിലവിലെ നായകനെന്നും ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും രാജീവ് ശുക്ല വ്യക്തമാക്കി.